
പെനാപ്പിൾ വില കുത്തനേയിടിഞ്ഞു
കോട്ടയം: പൈനാപ്പിൾ കർഷകരെ പ്രതിന്ധിയിലാക്കി, കുതിച്ചുയർന്ന വില പൊടുന്നനെ താഴ്ന്നു. ഒരു മാസം മുമ്പ് കർഷകർ വിൽക്കുമ്പോൾ 42 രൂപ വരെ ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ലഭിക്കുന്നത് 16മുതൽ 20 രൂപവരെ മാത്രം. വില കൂടിയ ദീപാവലി നാളുകൾ കോട്ടയം മാർക്കറ്റിൽ ഉൾപ്പെടെ പൈനാപ്പിൾ 100 രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ, 100 രൂപയ്ക്ക് മൂന്നു കിലോ ലഭിക്കുന്ന സ്ഥിതിയായി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ് തുടങ്ങിയതാണ് വില കുറയാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉത്പാദനം വർദ്ധിച്ചതും വിലക്കുറവിലേക്ക് നയിച്ചു. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയാണ് കഴിഞ്ഞ മാസം കർഷകർക്ക് ലഭിച്ചത്. എ ഗ്രേഡ് പൈനാപ്പിളിന് 42 രൂപയാണ് ലഭിച്ചത്. കുറഞ്ഞ ഗ്രേഡുകൾക്കും വില ലഭിച്ചിരുന്നു. ഇപ്പോൾ,ഏറ്റവും താഴ്ന്ന ഗ്രേഡിന്റെ വില 3 രൂപയായതായി കർഷകർ പറയുന്നു.
കാലാവസ്ഥ അനുയോജ്യമായെങ്കിലും
വിപണി ഇടിഞ്ഞു
ഇടവിട്ടു മഴയും വെയിലും ലഭിച്ചതോടെ, മികച്ച ഉത്പാദനമാണ് ഇത്തവണ ലഭിച്ചത്. നവംബറിൽ വില റെക്കാഡിലേക്ക് ഉയരുകയും ചെയ്തതോടെ കർഷകരുടെ പ്രതീക്ഷയും വർദ്ധിച്ചു. എന്നാൽ, ഉയർന്ന അതേ വേഗത്തിൽ വില കുറഞ്ഞതാണ് തിരിച്ചടിയായത്. മുൻ കാലങ്ങളിലും വില കുറഞ്ഞിരുന്നുവെങ്കിലും അൽപ്പം കൂടി വൈകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൃഷി ആരംഭിച്ച തോട്ടങ്ങളെല്ലാം വിളവെടുപ്പിന് സജ്ജമായിരുന്നു. ഇത്തരം തോട്ടങ്ങൾ ഉള്ളവരാണ് ഏറെ പ്രതിസന്ധിയിലായത്. നവംബറിൽ വില ഉയർന്നതോടെ, നിരവധി പേർ പൈനാപ്പിൾ കൃഷി ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. റബർ മേഖല തകർച്ച നേരിട്ടതോടെ, നിരധി കർഷകരാണ് പൈനാപ്പിൾ കൃഷി ഉൾപ്പെടെ മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്. കോട്ടയം, വൈക്കം താലൂക്കുകളിലായി അഞ്ഞൂറോളം പൈനാപ്പിൾ കർഷകരുണ്ട്.
വരും ദിവസങ്ങളിൽ വില വീണ്ടും താഴുമെന്ന സൂചനയാണ് വിപണിയിൽ നിന്നു ലഭിക്കുന്നത്.
എബി ഐപ്പ് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി).