sheeba

കോട്ടയം: സി.എസ്.ഐ മദ്ധ്യകേരള മഹായിടവക രജിസ്ട്രാർ പദവിയിലെത്തുന്ന ആദ്യ വനിത അഡ്വ.ഷീബ തരകൻ ചുമതലയേറ്റു. കോട്ടയത്തെ മദ്ധ്യകേരള മഹായിടവക ആസ്ഥാനത്ത് ഇന്നലെ രാവിലെ 10ന് ബിഷപ്പ് മലയിൽ സാബു കോശി ചെറിയാന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ 73-ാമത് കൗൺസിൽ സമ്മേളനത്തിൽ വോട്ടിംഗിലൂടെയാണ് ഷീബ തരകൻ സഭയുടെ രജിസ്ട്രാർ ആയത്. മൂന്ന് പുരുഷ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് ആകെയുള്ള 433 വോട്ടിൽ 191 വോട്ട് നേടി ഷീബ ചരിത്രനേട്ടത്തിലേക്ക് എത്തിയത്. ബിഷപ്പിനൊപ്പം ട്രഷറർ,​ രജിസ്ട്രാർ,​വൈദിക സെക്രട്ടറി,​ ആത്മായ സെക്രട്ടറി എന്നിവരാണ് മഹായിടവകയിലെ ഭരണകർത്താക്കൾ.

മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ഇടവകാംഗമായ ഷീബ 30 വർഷമായി കോട്ടയം ജില്ലാക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ രണ്ട് ടേമിലും മദ്ധ്യകേരള മഹായിടവകയുടെ കൗൺസിൽ അംഗമായ ഷീബ എക്സിക്യുട്ടിവ് കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. വിമെൻസ് ബോർഡ് സെക്രട്ടറിയുമായി.

സി.എസ്.ഐ സഭയുടെ പരമോന്നത സമിതിയായ സിനഡിന്റെ എക്സിക്യുട്ടിവിലും അംഗമായിരുന്നു. മംഗലാപുരം സർവകലാശാലയിൽ നിന്നാണ് നിയമ ബിരുദം നേടിയത്.

കോട്ടയം ഒളശ കളപ്പുരക്കൽ അഡ്വ കെ.സി. ഫിലിപ്പോസ് തരകന്റെയും ശാന്താ തോമസിന്റെയും മകളാണ്. ബിസിനസുകാരനായ ഭർത്താവ് മധു ജോണിനൊപ്പം കോട്ടയത്താണ് ഷീബയിപ്പോൾ താമസിക്കുന്നത്. മകൻ ജോൺ ഫിലിപ്പ് ആമസോണിൽ ജോലി ചെയ്യുന്നു. ഷീബയ്ക്കൊപ്പം സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ട്രഷററായി റവ. ജിജി ജോൺ ജേക്കബും ആത്മായ സെക്രട്ടറിയായി അഡ്വ.സ്റ്റീഫൻ ജെ. ഡാനിയേലും ചുമതലയേറ്റു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വൈദിക സെക്രട്ടറി റവ.അനിയൻ കെ. പോൾ ഇന്നലെ ചുമതലയേറ്റില്ല.

ഇത് തുല്യതയ്ക്കുള്ള പോരാട്ടം കൂടിയായിരുന്നു. എന്റെ സ്ഥാനലബ്ധി സ്ത്രീകൾ സി.എസ്.ഐ സഭാ ഭരണത്തിലേക്കും വൈദിക പദവിയിലേക്കും കടന്നുവരുന്നതിന് പ്രചോദനമാകണം.

ഷീബ തരകൻ