കോട്ടയം: ചുറ്റും പാടശേഖരം, ഒത്തനടുവിലൂടെ നീലാശാകാശത്തിന്റെ പ്രതിബിംബം ഏറ്റുവാങ്ങി ഒഴുകുന്ന കൊടൂരാറും, ഇവയുടെ മധ്യത്തിലൂടെ നീണ്ടുകിടക്കുന്ന വോക്ക് വേയും. നഗരത്തിലെ തിരക്കിൽ നിന്ന് മാറി പ്രകൃതിരമണീയമായ ഈ കാഴ്ച ഒരുക്കി കാത്തിരിക്കുകയാണ് കളത്തിൽക്കടവ്. പനച്ചിക്കാട് പഞ്ചായത്തിലെ കഞ്ഞിക്കുഴി കൊല്ലാട് റൂട്ടിലാണ് ഈ വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്. മനോഹരമായ കളത്തിൽക്കടവിലേക്ക് സായാഹ്നങ്ങൾ ചിലവഴിക്കുന്നതിന് ആളുകൾ എത്താറുണ്ട്. കൊടൂരാറിന് കുറുകെ നീളത്തിൽ പരന്നു സ്ഥിതി ചെയ്യുന്ന കളത്തിൽക്കടവ് പാലമാണ് മറ്റൊരു ആകർഷണം. പാലത്തിന് മുകളിൽ നിന്നും കണ്ണിന് കുളിർമയേകുന്ന തരത്തിൽ പാടശേഖരങ്ങൾ, ചെറിയ തോട്, തോട്ടുവരമ്പ്, മോട്ടോർപ്പുര, തണൽ മരങ്ങൾ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നുണ്ട്. സഞ്ചാരികളെയും സന്ദർശകരെയും ഇങ്ങോട്ടേയ്ക്ക് മാടിവിളിയ്ക്കുന്നതും ഈ ഗ്രാമീണ ഭംഗിയാണ്. വെയിൽ മാറിയാൽ, ഒഴിവ് സമയം ചെലവഴിക്കാൻ സന്ദർശകരുടെയും നടക്കാനെത്തുന്നവരുടെയും തിരക്കുണ്ട്.
ആകർഷണം നടപ്പാത
നീളത്തിൽ പരന്നു കിടക്കുന്ന,ചുവപ്പ് നിറത്തിലുള്ള ഇൻർലോക്ക് നടപ്പാതയാണ് മറ്റൊരു ആകർഷണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ എത്തുന്നവരുമുണ്ട്. ഫോട്ടോ ഷൂട്ടിന്റെ മറ്റൊരു പ്രധാന ഇടമാണിവിടം. ജലവിഭവ വകുപ്പിന്റെ ചെറുകിട ജലസേചന വിഭാഗത്തിന്റെ കീഴിലാണ് കളത്തിൽക്കടവ് ഗസ്റ്റ് ഹൗസ് ലിങ്ക് റോഡ് നിർമ്മിച്ചത്. ലിങ്ക് റോഡാണ് വോക്കിംഗ് പാതയായി ഉപയോഗിക്കുന്നത്. റോഡിന് അരികിലെ കുറ്റികളാണ് സഞ്ചാരികളുടെ ഇരിപ്പിടം. ചൂണ്ടയിടീലുകാരുടെയും ഇഷ്ടകേന്ദ്രമാണിവിടം. നൂതന ചൂണ്ടകളും നാടൻ ചൂണ്ടകളുമായി മീൻ പിടിക്കുന്നതിന് പ്രായഭേദമന്യേ ആളുകൾ എത്തുന്നു. ആമ്പൽ വസന്തം ഇവിടെയും ഉണ്ടാകാറുണ്ട്.
നാശത്തിന്റെ വക്കിൽ,
വോക്ക് വേയിലെ നടപ്പാതകൾ പലതും പൊട്ടിപ്പൊളിഞ്ഞും തകർന്ന സ്ഥിതിയിലുമാണ്. വലിയ വാഹനങ്ങൾ കടന്നുപോകുന്നത് തടയാനായി ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. സവാരിയ്‌ക്കെത്തുന്നവരാണ് ദുരിതം അനുഭവിക്കുന്നത്.