കോട്ടയം: കരിമീനും കൊഞ്ചും സമൃദ്ധമായിരുന്ന വേമ്പനാട്ട് കായലിൽ മത്സ്യ സമ്പത്തു കുറയുന്നുവെന്ന പരാതിക്കിടയിൽ ക്രിസ്മസ് കാലത്ത് ലഭ്യത കൂടിയത് തൊഴിലാളികൾക്ക് ആശ്വാസമായി.
കരിമീൻ ,പൂമീൻ, കൊഞ്ച്, വറ്റ, കണമ്പ്, കൂരി തുടങ്ങിയവയുടെ ലഭ്യതയാണ് കൂടിയത്. തണ്ണീർ മുക്കം ബണ്ട് തുറന്നു കിടക്കുന്നതിനൊപ്പം വൃശ്ചിക വേലിയേറ്റവുമായതോടെ വേമ്പനാട്ടുകായലിൽ ഒഴുക്കായി. കൊച്ചിക്കായലിൽ നിന്ന് കൂടുതൽ മത്സ്യങ്ങൾ വേലിയേറ്റത്തിനൊപ്പം ഒഴുകി എത്തുന്നതാണ് മത്സ്യ സമ്പത്ത് കൂടാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
മത്സ്യ ലഭ്യത കൂടിയതോടെ. നാടൻ കരീമീന് . ഡിമാൻഡും കൂടി. കായൽ കരിമീനിനു പകരം വിലയും രുചിയും കുറഞ്ഞ ആഡ്രകരിമീനായിരുന്നു വിപണി പിടിച്ചിരുന്നത്. .ക്രിസ്മസ് ചാകരകാലമാക്കമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. നാടൻ കരിമീൻ കഴിക്കാമെന്ന ആശ്വാസത്തിലാണ് സാധാരണക്കാർ. .
മത്സ്യ സമ്പത്ത് കുറഞ്ഞതിങ്ങനെ
കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും വൻതോതിലുള്ള കൈയേറ്റവും അനധികൃതനിർമ്മാണവും കേരളത്തിലെ ഏറ്റവും വലിയ കായലായിരുന്ന വേമ്പനാട്ട് കായൽ മൂന്നിലൊന്നായി ചുരുങ്ങിയതും മത്സ്യസമ്പത്ത് കുറയാൻ കാരണമായി .പല മീനുകൾക്കും വംശനാശം സംഭവിച്ചു.
ഇരുപത് മില്ലിമീറ്റർ അകലമുള്ള നിരോധിത വല ഉപയോഗിച്ച് മീൻകുഞ്ഞുങ്ങളെ പിടിക്കുന്നതും മത്സ്യ സമ്പത്ത് കുറയാൻ കാരണമായി.
നേരത്തേ വലിയ കൊഞ്ച് കായലിൽ സുലഭമായിരുന്നു. കിലോയ്ക്ക് ആയിരത്തിന് മുകളിൽ വില ലഭിച്ചിരുന്ന ഇവ വിദേശികൾക്ക് പ്രിയമായിരുന്നതിനാൽ കയറ്റുമതി ചെയ്തിരുന്നു . ഇപ്പോൾ ആറ്റുകൊഞ്ചെന്നു വിളിക്കാവുന്ന ചെമ്മീൻ വലുപ്പമുള്ള കൊഞ്ചുകൾ മാത്രമാണ് കിട്ടുന്നത്. വാള, മഞ്ഞകൂരി, വരാൽ, മുഷി, നാരൻ ചെമ്മീൻ ,നങ്ക്, പൂളോൻ എന്നിവയിൽ ഗണ്യമായ കുറവുണ്ടായി.
# മത്സ്യത്തൊഴിലാളി സംഘത്തിന് കുമരകത്ത് മൂന്ന് ഔട്ട്ലെറ്റുകളാണുള്ളത്.അവിടുത്തെ വില
(കിലോയ്ക്ക് )
കരിമീൻ എ പ്ലസ്-590
എഗ്രേഡ് -540
ബി ഗ്രോഡ് -440.
കണമ്പ് 540
പൂമീൻ- 420 ,
വറ്റ - 250,
കണ്ണി - 150,
കൂരി - 60
കായലിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണം. കായലിൽ നീരൊഴുക്കിന് തടസം നേരിട്ടതാണ് വംശനാശത്തിന് കാരണം. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഒരു വർഷകാലം പൂർണമായും തുറന്നിടണം
വി .ദിനകരൻ (ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി )