വൈക്കം: നവകേരളസദസിന് മേളമൊരുക്കിയ ക്ഷേത്രകലാപീഠം വിദ്യാർത്ഥികൾക്ക് പ്രതിഫലം നൽകിയില്ലെന്ന് പരാതി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വൈക്കം മഹാദേവക്ഷേത്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ക്ഷേത്ര കലാപീഠത്തിലെ 22 വിദ്യാർത്ഥികളാണ് നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വൈക്കം ബീച്ച് മൈതാനിയിലെത്തിയപ്പോൾ പഞ്ചവാദ്യമൊരുക്കി വരവേറ്റത്. വൈക്കത്തായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉച്ചഭക്ഷണമൊരുക്കിയിരുന്നത്. ഭക്ഷണത്തിന് ശേഷം സദസ് നടക്കുന്ന മൈതാനിയിലേക്ക് നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒന്നര മണിക്കൂർ വൈകിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയത്. ഇതിനിടയിൽ ബീച്ച് മൈതാനിയിലെ പൊള്ളുന്ന ചൂടിൽ ക്ഷേത്ര കലാപീഠം വിദ്യാർത്ഥികളിൽ ചിലർ തലചുറ്റി വീണിരുന്നു. ഇവർക്ക് വേണ്ട പ്രഥമശുശ്രൂഷ നൽകാൻപോലും അധികൃതർ തയ്യാറായില്ലെന്ന ആക്ഷേപവുമുണ്ട്.കലാപീഠം വിദ്യാർത്ഥികൾക്ക് ഒരാൾക്ക് 500 രൂപ വീതമാണ് പ്രതിഫലം നൽകേണ്ടത്. ഇതിൽ 250 രൂപ ദേവസ്വം ബോർഡിനും ബാക്കി 250 മേളം ഒരുക്കുന്ന വിദ്യാർത്ഥികൾക്കുമുള്ളതാണ്. ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നെത്തി ഇവിടെ ഗുരുകുല സമ്പ്രദായത്തിൽ താമസിച്ച് പഠിക്കുന്നവരുമാണ് കലാപീഠം വിദ്യാർത്ഥികൾ ഏറെയും.