
വൈക്കം: നഗരസഭ കാലങ്ങളായി കുടിശ്ശിക വരുത്തിയ 1.41 കോടി രൂപയിലധികമായ വൈദ്യുതി ചാർജ്ജ് ഉടൻ അടച്ചില്ലെങ്കിൽ നഗരത്തിലെ ഹൈമാസ് ലൈറ്റുകളടേയും മറ്റ് തെരുവ് വിളക്കുകളടേയും സി.സി ക്യാമറകളടേയുമെല്ലാം വൈദ്യുതി വിഛേദിക്കുമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്.
വർഷങ്ങളായുള്ള വൈദ്യുതി ചാർജ്ജ് കുടിശ്ശിക അടയ്ക്കാൻ നഗരസഭ തയ്യാറാകാതെ വന്നതോടെയാണ് കർശന നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി നിർബന്ധിതരാകുന്നതെന്ന് വൈക്കം ഇലക്ടിക്കൽ ഡിവിഷൻ എക്‌സി.എൻജിനീയർ വാർത്താ കുറിപ്പിൽ അറിയിച്ചു.
2019- 20ൽ വൈക്കം ടൗണിലും സമീപ പ്രദേശങ്ങളിലും നഗരസഭയുടെ കീഴിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലാമ്പുകൾ, തുടർന്നുള്ള വർഷങ്ങളിൽ സ്ഥാപിച്ച സിസി ടിവി ക്യാമറകൾ എന്നിവയുടെ ഉൾപ്പെടെ 34 വൈദ്യുതി കണക്ഷൻ എടുത്തിട്ട് നാളിതുവരെ വൈദ്യുതി ചാർജ് അടച്ചിട്ടില്ല. ഇത് കൂടാതെ മീറ്റർ ഇല്ലാതെ പ്രവർത്തിക്കുന്ന തെരുവ് വിളക്കുകൾ ഉൾപ്പെടെയുള്ള 72 കണക്ഷനുകളുടെ വൈദ്യുതി ചാർജ് ഒരു കോടി രൂപയോളവും, നഗരസഭയിൽ നിന്നും വൈദ്യുതി ചാർജ് അടക്കേണ്ടതായ താലൂക്ക് ആശുപത്രി, ഓപ്പറേഷൻ തീയേറ്റർ എന്നിവയുടെ വൈദ്യുതി ചാർജ് ഇനത്തിൽ 41 ലക്ഷം രൂപയും നിലവിൽ കുടിശ്ശിക ആണ്.
2022ലെയും 2023ലെയും അഷ്ടമി അനുബന്ധ വരുമാനത്തിൽ നിന്ന് കുടിശ്ശിക തുക അടച്ചു തീർക്കാമെന്ന് നഗരസഭ കെ.എസ്.ഇ.ബിയ്ക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും അതും വെറുംവാക്കായി. 2022ലെ അഷ്ടമിക്ക് ശേഷവും പിന്നീട് ഈ വർഷവും കുടിശ്ശിക അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നോട്ടീസുകൾ നൽകിയിരുന്നു. കെ.എസ്.ഇ.ബിയുടെ വൈക്കം ഡിവിഷൻ എക്‌സി. എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പലതവണ നഗരസഭയിൽ നേരിട്ടെത്തി ചെയർപേഴ്‌സൺ, സെക്രട്ടറി എന്നിവരെ കണ്ട് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തിയിട്ടും ഇതുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങൾ നടത്തിയിട്ടും വൈദ്യുതി ചാർജ് കുടിശ്ശിക അടക്കാൻ നഗരസഭ തയ്യാറായില്ലെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നു.
ഇരുപതിന് മുമ്പായി കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചിന് നഗരസഭ ചെയർപേഴ്‌സൺ, സെക്രട്ടറി എന്നിവർക്ക് വീണ്ടും നേരിട്ട് കത്ത് നൽകിയപ്പോൾ അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനം എടുക്കാമെന്നാണ് ഉറപ്പു നൽകിയത്. എന്നാൽ വിഷയത്തിൽ കൗൺസിൽ യോഗം ഇതുവരെ തീരുമാനം എടുത്തില്ല. ഈ സാഹചര്യത്തിൽ അടിയന്തിരമായി കുടിശ്ശിക തുക അടയ്ക്കാത്ത പക്ഷം നാളെ ഹൈമാസ്റ്റ് ലാമ്പുകളുടെയും, തുടർന്ന് ക്യാമറകളുടെയും, മറ്റ് തെരുവ് വിളക്കുകളുടെയും വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബി എക്‌സി. എഞ്ചിനീയർ അറിയിച്ചു.
അയ്യപ്പൻമാരേയും വലയ്ക്കും
ശബരിമല ഇടത്താവളങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈക്കം ക്ഷേത്രം. രാപ്പകൽ വ്യത്യാസമില്ലാതെ ഇന്നാട്ടുകാരും മറുനാട്ടുകാരുമായ ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ഇവരെയും ഇത് വലിയ പ്രയാസത്തിലാക്കും. പ്രത്യേകിച്ചും ഈ അവസരത്തിൽ ക്യാമറകൾ കണ്ണടക്കുന്നത് വലിയ സുരക്ഷാപ്രശ്‌നങ്ങൾക്കും കാരണമാകും.