കോട്ടയം: നാവിൽ രുചിമേളം പകരാൻ വിവിധതരം ക്രിസ്മസ് കേക്കുകളൊരുക്കി കുടുംബശ്രീ കേക്ക് മേളയ്ക്ക് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ തുടക്കം. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളുടെയും വിപുലമായ ശേഖരമാണ് വിപണനത്തിനെത്തിച്ചിരിക്കുന്നത്.
മാർബിൾ, കാരറ്റ്, ഈന്തപ്പഴം, ബട്ടർ, പ്ലം എന്നങ്ങനെ വിവിധ കേക്കുകളുടെ ശേഖരത്തിന് പുറമേ കുക്കീസും മേളയിലുണ്ട്. ബനാന ബിസ്‌കറ്റ്, മസാല, ചോക്ലേറ്റ് കുക്കീസ്, ചമ്മന്തി പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, മസാല കൂട്ട് അച്ചാറുകൾ എന്നിവയുമുണ്ട്. 150 രൂപ മുതൽ 300 രൂപ വരെയാണ് കേക്കുകളുടെ വില. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് മേള. 23 ന് അവസാനിക്കും. കുടുംബശ്രീ സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത അംഗീകൃത സംരംഭക യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. തലയോലപ്പറമ്പ്, അയർക്കുന്നം, കോട്ടയം നോർത്ത്, പുതുപ്പള്ളി, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങളാണ് മേളയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടം ചെയ്തു.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രകാശ് ബി. നായർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ജോബി ജോൺ, അനൂപ് ചന്ദ്രൻ, പ്രശാന്ത് ശിവൻ, ജില്ലാ ആസൂത്രണ സമിതി അംഗം ജെയ്‌സൺ മാന്തോട്ടം, സാക്ഷരതാ മിഷൻ ജില്ലാ കോഓഡിനേറ്റർ ഡോ. വി.വി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.