job

ചങ്ങനാശേരി: ചങ്ങനാശേരി ഗവ. ആശുപത്രിയിലെ അധികൃതർ തമ്മിൽ ഉള്ള പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരമാകുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഇതിനായി ആര്യോഗ്യ വകുപ്പ് മന്ത്രിക്കും ഹെൽത്ത് ഡയറക്ടർക്കും എം.എൽ.എ കത്ത് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചില ജീവനക്കാർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആശുപത്രി ജീവനക്കാരുടെ യോഗം വിളിച്ച് പ്രശ്‌നങ്ങൾ മനസ്സിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അധികൃതർക്ക് കത്ത് നൽകിയത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിച്ച് ആശുപത്രി പ്രവർത്തനങ്ങൾ സുഗമമാക്കാനും ജീവനക്കാർക്ക് നിർദ്ദേശം നൽകാനും എം.എൽ.എ ഹെൽത്ത് ഡയറക്ടറിനോട് ആവശ്യപ്പെട്ടു.