കുമരകം: കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി)യിൽ നിന്നു പാലം പണി പൂർത്തിയാക്കുന്നതിനുള്ള അനുകൂലതീരുമാനം ലഭിക്കാതെ വന്നതോടെ കുമരകം കോണത്താറ്റ് പാലം നിർമ്മാണം നിർത്തി കരാറുകാരൻ സ്ഥലംവിട്ടു. കുമരകം റൂട്ടിലെ പ്രധാന പാലത്തിന്റെ നിർമ്മാണമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പാതിവഴിയിൽ നിലച്ചത്. അതേസമയം പാലം പണിക്ക് നിയോഗിച്ചിരുന്ന ജോലിക്കാരെ മറ്റ് പണി സ്ഥലത്തേക്കു മാറ്റിയതായി കരാറുകാരൻ അലക്‌സ് പെരുമാലിൽ പറഞ്ഞു. നിർദേശം വരുന്ന മുറയ്‌ക്കേ ഇനി നിർമ്മാണം ആരംഭിക്കാൻ കഴിയൂ എന്നും നിർമാണപ്രവർത്തനം ഇല്ലാതെ തൊഴിലാളികൾക്ക് ശമ്പളം നൽകാനാകില്ലെന്നും അലക്‌സ് പറഞ്ഞു. പ്രവേശനപാതയുടെ സ്പാൻ പാലവുമായി ചേരുന്ന ഇരുമ്പ് കൊണ്ടുള്ള എക്‌സ്പാൻഷൻ ജോയിന്റ് ഭാഗത്തെ കോൺക്രീറ്റ് ജോലി മാത്രം ബാക്കി നിൽക്കെയാണ് പണി നിലച്ചത്. കോൺക്രീറ്റിങ്ങിനുള്ള എല്ലാ ജോലികളും പൂർത്തിയാക്കിയിരുന്നു.
അംഗീകരിക്കാതെ അധികൃതർ
എക്‌സ്പാൻഷൻ ജോയിന്റ് നിർദേശിച്ച വലുപ്പം അല്ല വച്ചിരിക്കുന്നതെന്നാണ് കെ.ആർ.എഫ്.ബിയുടെ വാദം. എന്നാൽ നിർദേശാനുസരണമുള്ള എക്‌സ്പാൻഷൻ ജോയിന്റാണ് പാലത്തിൽ വച്ചിരിക്കുന്നതെന്നു കരാറുകാരനും പറയുന്നു. എന്നാൽ കരാറുകാരന്റെ ഭാഗം അംഗീകരിക്കാൻ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയാറായില്ല.