kuttavanchi
വാഴൂർ വലിയ തോട്ടിലെ പൊത്തൻ പ്ലാക്കൽ ഭാഗത്തെ നക്ഷത്ര ജലോത്സവത്തിലെ കുട്ടവഞ്ചി യാത്ര (ഫയൽ ഫോട്ടോ).

വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി ക്രിസ്‌മസ് പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നക്ഷത്ര ജലോത്സവത്തിന് നാളെ തുടക്കമാകും. ഈമാസം 30 വരെയാണ് വാഴൂർ വലിയ തോട്ടിലെ ശാസ്താംകാവ് പൊത്തൻ പ്ലാക്കൽ ഭാഗത്ത് ചെക്ക് ഡാമിൽ തുടർച്ചായ മൂന്നാം വർഷവും നക്ഷത്ര ജലോത്സവം സംഘടിപ്പിക്കുന്നത്.
കുട്ടവഞ്ചി യാത്ര, വള്ളം യാത്ര, കയാക്കിംഗ്, വള്ളംകളി, റിവർ ക്രോസിംഗ് തുടങ്ങിയവയും വിവിധ കലാപരിപാടികളും ജലോത്സവത്തോടനുബന്ധിച്ച് അരങ്ങേറും.കർണാടകയിലെ ഹോഗനക്കലിൽ നിന്ന് കുട്ടവഞ്ചിയും ആർപ്പുക്കരയിൽ നിന്നും തിരുവാർപ്പിൽനിന്നും വള്ളവും ജലോത്സവത്തിൽ അണിചേരും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആണ് കയാക്കുകൾ ക്രമീകരിച്ചിരിക്കുന്നത് തിരുവാതിര, ഒപ്പന, മാർഗം കളി, വയലിൻ ഫ്യൂഷൻ, ഗാനമേളകൾ തുടങ്ങിയ കലാപരിപാടികൾക്കൊപ്പം നാട്ടിലെ കലാകാരന്മാർക്ക് പ്രതിഭ പ്രകടിപ്പിക്കുന്നതിന് ആർക്കും ആടാം പാടാം അഭിനയിക്കാം എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തിന് പെൺതിളക്കം

ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് വനിതാ കേന്ദ്രീകൃതമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന വേദിയിൽ സ്ത്രീകൾ മാത്രമാണ് സന്നിഹിതരാകുന്നത്. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വനിതാ ജനപ്രതിനിധികളെയും ആദരിക്കും.

നാളെ മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. ജലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വിഘ്‌നേശ്വരി ഐ.എ.എസ് നിർവഹിക്കും. ഉദ്ഘാടനം ദിവസം വാഴൂർ ഈസ്റ്റ് എയ്ഞ്ചൽ വില്ലേജിലെ ഭിന്നശേഷി കുട്ടികളുടെ ശലഭം എന്ന കലാസന്ധ്യ അരങ്ങേറും.