വൈക്കം: വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചയാൾ അറസ്റ്റിൽ. വൈക്കം ചെമ്പ് കുമാരസദനം അനന്തു (അച്ചു,32) നെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടിക്കുന്ന് ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും, അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഇവരുടെ മരുമകളെയും ഇവർ ആക്രമിച്ചു. തുടർന്ന് വീട്ടുസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അനന്തുവിന് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.