accident

തലയോലപ്പറമ്പ്: ബാംഗ്ലൂർ സ്വദേശികളായ അയ്യപ്പൻന്മാർ സഞ്ചരിച്ച കാർ തലയോലപ്പറമ്പിൽ നിയന്ത്രണംവിട്ട് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഇറുമ്പയം സ്വദേശി അശ്വിൻ സാബു (23), സ്‌കൂട്ടർ യാത്രികൻ വല്ലകം ചെറുമാനയിൽ ബിബിൻ (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയോലപ്പറമ്പ് വൈക്കം റോഡിൽ സിംല ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. ബാംഗ്ലൂരിൽ നിന്നും ശബരിമലയ്ക്ക് പോകുകയായിരുന്ന കുട്ടികൾ ഉൾപ്പടെ ഏഴംഗ അയ്യപ്പസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അയ്യപ്പൻന്മാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈക്കം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡിന്റെ എതിർ ദിശയിലൂടെ പോകുകയായിരുന്ന ഓട്ടോയിലും സ്‌കൂട്ടറിലും കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ഓട്ടോയുടെയും മുൻവശം പൂർണമായി തകർന്നു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.