തെങ്ങണ: തെങ്ങണയിൽ നിന്നും പാമ്പ് സംരക്ഷക പ്രവർത്തകൻ മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം വാഴൂർ റോഡിൽ നിന്നാണ് ബുധനാഴ്ച രാത്രിയിൽ രണ്ടു മൂർഖൻ പാമ്പുകളെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പിടികൂടിയത്. കോട്ടയം പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറും വനം വകുപ്പിന്റെ സർപ്പ സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗവുമായ മുഹമ്മദ് ഷെബിനാണ് വനം വകുപ്പിന്റെ ഗൈഡ്‌ലൈൻസ് അനുസരിച്ച് സുരക്ഷിതമായി രണ്ട് മൂർഖൻ പാമ്പുകളെയും പിടികൂടിയത്. തെങ്ങണ സുനിൽ സൈനുദ്ദീന്റെ വീട്ടിൽ നിന്ന് വലയിൽ കുടുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ മൂർഖൻ പാമ്പിനെ കണ്ടത്. പിടികൂടിയ മൂന്ന് പാമ്പുകളെയും വനം വകുപ്പിന് കൈമാറി.