കോട്ടയം: സംഗീത രംഗത്ത് രാഗവിസ്മയം തീർത്ത കെ.ജി.ജയന് നവതിയാശംസ നേർന്ന് അമേരിക്കയിൽ നിന്ന് പ്രിയ സുഹൃത്തായ ഗാനഗന്ധർവൻ യേശുദാസിന്റെ വിളിയെത്തി. ഒപ്പം ഭാര്യ പ്രഭയുടെ സ്നേഹാശംസകളും. പക്ഷാഘാതത്തെ തുടർന്ന് സംസാരിക്കാനുള്ള ബുദ്ധിമുട്ടിനിടയിലും പ്രഭയെ സംഗീതം പഠിപ്പിച്ചത് ജയൻ ഓർത്തെടുത്തു. സംസാരിക്കാനുള്ള പ്രയാസം മനസിലാക്കി മകൻ മനോജ് കെ. ജയനാണ് ഇരുവർക്കും നന്ദി പറഞ്ഞത്. 'ദാസേട്ടനെ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് പരിചയപ്പെടുത്തിയത് അന്ന് ചെമ്പൈയുടെ ശിഷ്യരായിരുന്ന അച്ഛനും, കൊച്ചച്ഛനും (വിജയൻ ) ചേർന്നാണെന്ന് മനോജ് പറഞ്ഞു. ഇരട്ടപിറന്ന കൊച്ചച്ഛൻ മരിച്ചപ്പോൾ പാടാനാവാതെ സംഗീതം ഉപേക്ഷിക്കാൻ തീരുമാനിച്ച അച്ഛനെ സംഗീതലോകത്തേക്ക് തിരിച്ചു കൊണ്ടുവന്നത് ദാസേട്ടനാണ്. തരംഗിണി പുറത്തിറക്കിയ മയിൽപ്പീലി എന്ന സംഗീത ആൽബത്തിലെ രാധതൻ പ്രേമത്തോടാണോ കൃഷ്ണ, അണിവാക ചാർത്തിൽ ഞാൻ, ചെമ്പൈയ്ക്ക് നാദം നിലച്ചപ്പോൾ തുടങ്ങി എസ്. രമേശൻ നായർ എഴുതി അച്ഛൻ സംഗീതം പകർന്ന എല്ലാ പാട്ടുകളും ഹിറ്റായി. മയിൽപ്പീലിക്ക് റെക്കാഡ് വില്പനയായതാണ് അച്ഛന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്നും മനോജ് പറഞ്ഞു. കഞ്ഞിക്കുഴിയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ മക്കളും പേരക്കുട്ടികളും ചേർന്നുള്ള കേക്ക് മുറിക്കലിൽ നവതി ആഘോഷം ഒതുക്കി. കൊച്ചിയിലെ വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ടോടെ മനോജ് കെ. ജയനും കുടുംബത്തിനുമൊപ്പമായിരുന്നു ജയൻ ജന്മനാടായ കോട്ടയത്ത് എത്തിയത്. ' അച്ഛന്റെ ഷഷ്ടി പൂർത്തിയും സപ്തതിയും വിപുലമായ രീതിയിൽ ആഘോഷിച്ചിരുന്നു. ഇപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാലാണ് നവതി ആഘോഷം അടുത്ത ബന്ധുക്കൾ മാത്രമുള്ള കൂടിച്ചേരലിൽ ഒതുക്കിയതെന്ന് മൂത്ത മകൻ ബിജു ജയൻ പറഞ്ഞു.