
കോട്ടയം: താപനില താഴ്ന്നു ശരീരം കുളിരണിയേണ്ട ധനുമാസത്തിൽ വേനൽകാലത്തെ വെല്ലുന്ന ചൂടും കാലംതെറ്റിയുള്ള മഴയും.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള മാറാത്ത പനിയും ചുമയും കൊവിഡിന്റെ പുതിയ വകഭേദവും ചേർന്നുള്ള കടന്നാക്രമണത്തിൽ പകച്ചുനിൽക്കുകയാണ് സാധാരണക്കാർ. സംസ്ഥാനത്ത് ചൂട് കൂടുതലുള്ള ജില്ലയായി കോട്ടയം മാറി. കഴിഞ്ഞദിവസം പകൽ ചൂട് 35 ഡിഗ്രിയിലെത്തി. വൈകുന്നേരത്തോടെ മഴ. രാത്രി നേരിയ തണുപ്പ്. നവംബർ അവസാനത്തോടെ മഴയുടെ ശക്തികുറഞ്ഞ് തണുപ്പ് തുടങ്ങുന്ന പതിവ് മാറി. ഡിസംബർ അവസാനമായിട്ടും മഴ തുടരുകയാണ്. കാലവർഷത്തിന്റെയോ തുലാവർഷത്തിന്റെയോ ബാക്കിയല്ല, ന്യൂനമർദ്ദ രൂപത്തിൽ മഴ മാറിമാറി വരികയാണ്. പുലർച്ചെ കരിയില കൂട്ടിയിട്ടുകത്തിച്ച് തണുപ്പകറ്റിയിരുന്ന കാലം ഓർമ്മമാത്രം.
പനിക്കിടക്കയിൽ ആയിരങ്ങൾ
അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനമാണ് വൈറൽ പനിയും നീണ്ടുനിൽക്കുന്ന ചുമയും ഉൾപ്പെടെ പടരാൻ പ്രധാനകാരണം. ഡെങ്കിപ്പനി, എച്ച്1 എൻ1, എലിപ്പനി എന്നിവക്കു പുറമേ കൊവിഡിന്റെ പുതിയ വകഭേദവും ജില്ലയിൽ വിത്തു വിതച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ദിവസവും അയ്യായിരത്തോളം പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിതരായെത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ കൃത്യമായ കണക്ക് ലഭ്യവുമല്ല.
പ്രവചനാതീതം...
തുലാവർഷമഴയിൽ ജില്ലയിൽ 36 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. 562 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് 766 മില്ലി മീറ്റർ മഴ ലഭിച്ചു. എന്നാൽ കാലവർഷത്തിൽ 33 ശതമാനം മഴക്കുറവുണ്ടായി
കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കേരളത്തിലെ താപനിലയിൽ 1.67 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു. വരും നൂറ്റാണ്ടിൽ ചൂട് ഇനിയും വർദ്ധിക്കും. ഭവിഷ്യത്ത് ഗുരുതരമായിരിക്കും
(സംസ്ഥാന കാലാവസ്ഥാ വ്യതിയാന പഠനവിഭാഗം )