
കോട്ടയം: പ്രതീക്ഷയോടെ സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ഫെയറിലേക്ക് എത്തിയവര്‍ നിരാശയോടെ മടങ്ങുന്നു... ഇന്നലെ നാഗമ്പടത്തെ കാഴ്ച ഇതായിരുന്നു. വിലക്കയറ്റത്തില്‍ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്ന ക്രിസ്മസ് ഫെയറില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. സബ്‌സിഡി സാധനങ്ങള്‍ ലഭിക്കുമെന്ന് കരുതി ബസ് കയറിയും പൊരി വെയിലത്തും എത്തിയ നിരവധി പേരാണ് നിരാശരായത്. പതിമൂന്നിനം സബ്‌സിഡി സാധനങ്ങള്‍ ഫെയറില്‍ നിന്ന് വാങ്ങാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇതോടെ പാഴ് വാക്കായി.
വേണ്ടത് 13, ഉള്ളത് 3
13 ഇനത്തില്‍ മൂന്നെണ്ണം മാത്രവും എം.ആര്‍.പി സാധനങ്ങളുമാണ് ജില്ലയിലെ ഫെയറിലുള്ളത്. സബ്‌സിഡി സാധനങ്ങളിൽ അരിയും മല്ലിയും വെളിച്ചെണ്ണയും മാത്രം. ഇതില്‍ വെളിച്ചെണ്ണയ്ക്ക് 141 രൂപയാണ് വില. ജയ അരി 44 രൂപയും മട്ട അരി 24 രൂപയുമാണ് വില. മല്ലി 44 രൂപയാണ് വില. പഞ്ചസാര, മുളക്, ചെറുപയര്‍, വന്‍പയര്‍, ഉഴുന്ന്, തുവരപരിപ്പ്, കടല, പച്ചരി തുടങ്ങിയവയൊന്നും ഫെയറില്‍ ലഭ്യമല്ല. രാവിലെ 10 മുതല്‍ രാത്രി വരെയാണ് പ്രവര്‍ത്തനസമയം. സബ്‌സിഡി ഇനങ്ങള്‍ ഇല്ലാത്തതിനാല്‍ ആളും നന്നേ കുറവാണ്.
ക്രിസ്മസ് ചന്ത: 30 വരെ
ടെന്‍ഡര്‍ എടുക്കാന്‍ വൈകിയതാണ് സാധനങ്ങളുടെ ലഭ്യതക്കുറവിന് കാരണം. വൈകാതെ ഉത്പന്നങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ.
(സപ്ലൈക് ഫെയര്‍ ഇന്‍ചാര്‍ജര്‍)
അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു. ഇവിടെയെത്തിയപ്പോഴാണ് സബ്‌സിഡി സാധനങ്ങള്‍ പലതും ഇല്ലെന്ന് അറിഞ്ഞത്. ( ഷൈല കുറിച്ചി വീട്ടമ്മ )
ഫെയര്‍ നടക്കുന്നതറിഞ്ഞ് സബ്‌സിഡി സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു. എന്നാല്‍ നിരാശയാണ് ഫലം. (ഷീബ ഇല്ലിക്കല്‍)