പാലാ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും നൽകി വരുന്ന ധനസഹായത്തിന്റെ ആദ്യഘട്ട വിതരണം 30ന് രാവിലെ 11.30 ന് പള്ളിയാമ്പുറം മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്ന തെക്കൻജില്ലകളിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായമാണ് രാമപുരം പള്ളിയാമ്പുറം മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നൽകുന്നത്.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി., ക്ഷേത്രങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്യും. ഡോ. എൻ. ജയരാജ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. കോട്ടയം ജില്ലയിലെ മുഴുവൻ എം.എൽ.എ.മാരും പങ്കെടുക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.സി. മാനവേദരാജ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് ബി. നായർ സ്വാഗതവും, വി.ജി. രവീന്ദ്രൻ നന്ദിയും പറയും. കെ.പി. വിനയൻ റിപ്പോർട്ട് അവതരിപ്പിക്കും.