
കോട്ടയം: ഒരു വർഷമെങ്കിലും തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടണമെന്ന പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യം ഇത്തവണയും നടപ്പായില്ല. നിർദേശങ്ങളെല്ലാം തള്ളി തണ്ണീർമുക്കം ബണ്ട് അടച്ചുതുടങ്ങി. കൃഷി കലണ്ടർ അനുസരിച്ച് തണ്ണീർമുക്കം ബണ്ട് ഡിസംബർ 15ന് അടയ്ക്കേണ്ടതായിരുന്നു. എന്നാൽ നവകേരളസദസുമായി ബന്ധപ്പെട്ട് കോട്ടയം ആലപ്പുഴ കളക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും തിരക്കിലായതിനാൽ യോഗം നീണ്ടു. ഒരാഴ്ചക്കു ശേഷം ആലപ്പുഴ ജില്ലാ കളക്ടർ ജോൺ വി സമാവുവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് ബണ്ട് അടയ്ക്കാൻ തീരുമാനമായത്. ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്ക്യൂട്ടീവ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.ഷട്ടറുകൾ അടയ്ക്കുമ്പോൾ ബണ്ടിന് ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വള്ളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവ് ഇറങ്ങിയിരുന്നു.
അടച്ചത് വെച്ചൂർ ഭാഗത്തെ ഷട്ടറുകൾ
വെച്ചൂർ ഭാഗത്തെ ഷട്ടറുകളാണ് ആദ്യം അടച്ചത്. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ഷട്ടറുകളും അടയ്ക്കും. ഇതോടെ ആലപ്പുഴ ഭാഗത്ത് നിന്ന് കൊച്ചി ഭാഗത്തേക്കുള്ള ജലയാനങ്ങൾ ലോക്കുകളിലൂടെ പോകണം. തണ്ണീർമുക്കത്ത് നിന്നാരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ 20-30 അടി ലോക്കുകളും വെച്ചൂർ ഭാഗത്ത് 40 അടി ലോക്കും മദ്ധ്യഭാഗത്ത് 49 അടി ലോക്കുമാണുള്ളത്. ഇരുവശത്തെയും ജലനിരപ്പ് ഒരേ ലവലിൽ ആക്കിയ ശേഷമേ ജലവാഹനങ്ങൾക്ക് അപ്പുറമിപ്പുറം സഞ്ചരിക്കാനാകൂ.
തൊഴിലാളികൾക്കും എതിർപ്പ്
ഒന്നാം കൃഷിക്ക് നിലമൊരുക്കി പാടങ്ങളിൽ ഞാറ് നട്ടു തുടങ്ങിയതോടെയാണ് ഉപ്പുവെള്ളം കയറാതിരിക്കാൻ ബണ്ട് അടച്ചത്. വൃശ്ചിക വേലിയേറ്റം വന്നതോടെ വേമ്പനാട്ടുകായലിൽ നല്ല ഒഴുക്കുണ്ട്. മത്സ്യലഭ്യത കൂടിയതോടെ ബണ്ട് അടയ്ക്കുന്നതിന് മത്സ്യതൊഴിലാളികൾ എതിരാണ്. പരിസ്ഥിതി വിദഗ്ദ്ധരെപ്പോലെ ബണ്ട് അടയ്ക്കരുതെന്ന നിലപാടിലാണ് അവർ.
ഷട്ടറുകൾ: 90
കായലിലെ വെള്ളം കടൽ എടുക്കാത്തതിനാൽ മാസങ്ങളായി വേമ്പനാട്ടുകായലിൽ ഒഴുക്കില്ലാതെ പായലും പോളയും നിറഞ്ഞുകിടക്കുകയാണ്. ബണ്ട് അടച്ചതോടെ ജലമലിനീകരണം രൂക്ഷമാകും. എലിപ്പനി അടക്കം പകർച്ചവ്യാധികളും വർദ്ധിക്കും. ഈ സാഹചര്യം ഒഴിവാക്കാൻ ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷമെങ്കിലും തുറന്നിടണം.
ശ്രീകുമാർ (പരിസ്ഥിതി വിദഗ്ദൻ )