ഈരാറ്റുപേട്ട: നാലരവയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തെക്കേക്കര ഗവ. ഹയർ സെക്കന്ററി സ്‌കൂളിന് സമീപം താമസിക്കുന്ന തൊമ്മൻപറമ്പിൽ മുഹമ്മദ് അമീർ തസ്‌നി ദമ്പതികളുടെ നാലര വയസുള്ള ആൺകുട്ടിയെയാണ് അന്യ സംസ്ഥാനക്കാരനായ ആൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ മിഠായി നൽകി കൊണ്ടുപോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി ഒച്ച വെച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് അന്യസംസ്ഥാനക്കാരനായ ആൾ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.