blk

കോട്ടയം: ക്രിസ്മസ്, പുതുവത്സര ആഘോഷത്തിൽ നാടും നഗരവും. ആഘോഷങ്ങളിലേക്ക് നാടും നഗരവും കടന്നതോടെ, നഗരത്തിലെ പ്രധാന റോഡുകളും ഇടറോഡുകളും ഗതാഗതക്കുരുക്കിൽ മുറുകി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വലിയ രീതിയിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കഞ്ഞിക്കുഴി, കളത്തിൽപ്പടി, ബേക്കർ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, നാഗമ്പടം, ടി.ബി റോഡ്, കെ.കെ റോഡ്, മാർക്കറ്റ്, കളക്ട്രേറ്റ് തുടങ്ങിയ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരകളായിരുന്നു. നഗരം കടന്നുകിട്ടാനും നഗരത്തിലേക്ക് പ്രവേശിക്കാനും മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട സ്ഥിതിയായിരുന്നു.

വസ്ത്രവ്യാപാരസ്ഥാപനങ്ങൾ, ക്രിസ്മസ് വഴിയോര കച്ചവടകേന്ദ്രങ്ങൾ, ബേക്കറികൾ, ഹോം അപ്ലൈയൻസസ് ഷോറുമൂകൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവരുടെ വലിയ തിരക്കാണ് ഓരോ സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. ഓഫറുകളുടെ പെരുമഴയുമായി ക്രിസ്മസ് ഫെയർ, മേളയും സജീവമായിരുന്നു. സ്വകാര്യ വാഹനങ്ങളുടെയും എണ്ണം പതിവിലും വർദ്ധിച്ചു. അവധി ആഘോഷവും ശബരിമല സീസണും കൂടിയായതോടെ, റെയിൽവേസ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലും വലിയ തിരക്കായിരുന്നു. പുഷ്പമേളയോട് അനുബന്ധിച്ച് നാഗമ്പടത്തേയ്ക്ക് എത്തുന്നവരുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.