vasu

പാലാ: ഓരോ വർഷവും മലചവിട്ടി കാനനവാസനെ കാണും. യാത്രയ്ക്ക് മുമ്പ് 101 ക്ഷേത്രങ്ങളിൽ ദർശനം നടത്തും. 35 വർഷമായി രാമപുരം അമനകര തെക്കേടത്ത് വാസു എന്ന എസ്.എൻ.റ്റി വാസുവിന്റെ ശബരിമലയാത്ര ഇങ്ങനെയാണ്. കഠിനമെങ്കിലും വാസുവിന് ഇതൊരു സമർപ്പണമാണ്. വൃശ്ചികം ഒന്നിന് മാലയിട്ടാൽ ആദ്യം രാമപുരത്തെ 36 ക്ഷേത്രങ്ങളിൽ ദർശനം നടത്തി കാണിക്കയിടും. തുടർന്ന് ചോറ്റാനിക്കര, ഏറ്റുമാനൂർ, ഗുരുവായൂർ, വൈക്കം തുടങ്ങിയ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാകും. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രമാകും വാസു ദർശനത്തിനെത്തുന്ന നൂറ്റിയൊന്നാമത്തെ ദേവസന്നിധി. ഇന്നലെ കാവിൻപുറത്തെത്തി വാസു പ്രാർത്ഥനയിൽ മുഴുകി. കൊവിഡ്കാലത്ത് മാത്രമാണ് മലചവിട്ടാൻ കഴിയാതെവന്നത്. ശാരീരിക അസ്വസ്ഥതകൾ മൂലം ഇത്തവണ മകരവിളക്ക് കഴിഞ്ഞാകും വാസുവിന്റെ ശബരിമലയാത്ര. വാസുവിന്റെ വ്യത്യസ്തമായ വനയാത്ര കാണുമ്പോൾ ഭാര്യ ഭാർഗ്ഗവി, മക്കളായ പ്രേംജി, നവ്ജി, മരുമക്കളായ ബിജി, ദിവ്യ, കൊച്ചുമക്കളായ ശിവപ്രിയ, ശിവനന്ദന, ശിവദത്ത് എന്നിവരുടെയെല്ലാം ചുണ്ടിൽ നിന്ന് ഉയരുന്നത് സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രം മാത്രം.

എസ്.എൻ.റ്റിയുടെ പടനായകൻ

ഒന്നുമില്ലായ്മയിൽ നിന്നാണ് വാസു എസ്.എൻ.റ്റി എന്ന നാമം പേരിനൊപ്പം ചേർത്തത്. ട്യൂഷൻ സെന്ററായി 46 വർഷം മുമ്പ് ആരംഭിച്ച എസ്.എൻ.റ്റി. എന്ന സ്ഥാപനം ഇന്ന് ആയിരങ്ങൾക്ക് ജോലി ലഭിക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് അദ്ധ്വാനിച്ച് തുടങ്ങിയ വാസുവിന് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറേക്കറിൽപരം ഭൂമിയുണ്ട്.