
എരുമേലി: എരുമേലിയിൽ രണ്ട് വാഹനാപകടങ്ങളിൽ ശബരിമല തീർത്ഥാടകരടക്കം 14 പേർക്ക് പരിക്കേറ്റു. എരുമേലി ടൗണിലും കണമലയിലുമാണ് അപകടമുണ്ടായത്. എരുമേലിയിൽ ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും നിയന്ത്രണംനഷ്ടപ്പെട്ട ബസ് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും 10 ശബരിമല തീർത്ഥാടകർക്കും പരിക്കേറ്റു. ദേവസ്വം ബോർഡ് ഗ്രൗണ്ടിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് എരുമേലി റാന്നി റോഡിന് കുറുകെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടും മറികടന്നാണ് തോട്ടിലേക്ക് വീണത്. ബസിലുണ്ടായിരുന്ന തീർത്ഥാടകരെ ഉടൻ വാഹനത്തിൽ നിന്നും പുറത്തെടുത്തെങ്കിലും ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് ബസിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടസമയം റോഡിലോ പാർക്കിംഗ് ഗ്രൗണ്ടിലോ മറ്റ് വാഹനങ്ങളോ തീർത്ഥാടകരോ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
ബ്രേക്ക് നഷ്ടമായി, മതിലിൽ ഇടിച്ചു
കണമലയിൽ അട്ടിവളവിന് സമീപമായിരുന്നു രണ്ടാമത്തെ അപകടം. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ 3 തീർത്ഥാടകർക്ക് പരിക്കേറ്റു. ഇവരെ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള സേഫ് സോൺ അധികൃതരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളാണ് അപകടത്തിൽപെട്ടത്.