മുണ്ടക്കയം : ശബരിമല കാനനപാത ഭക്തർക്കായി തുറന്നു നൽകാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് മല അരയ മഹാസഭ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2020 ൽ കോവിഡ് മഹാമാരിയുടെ പേരിലാണ് കാനനപാത ആദ്യമായി അടയ്ക്കുന്നത്. ഇതിനെത്തുടർന്ന് മല അരയ മഹാസഭയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.. മല അരയ സമുദായത്തിൽ പെട്ടവർക്ക് കാനനപാതയിലൂടെ ദർശനത്തിന് അനുമതി നൽകിയെങ്കിലും തീർത്ഥാടന പാത മുഴുവൻ ഭക്തർക്കും തുറന്നുനൽകണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം സഭ ശക്തിപ്പെടുത്തി. കഴിഞ്ഞ നാലു വർഷമായി ഈ ആവശ്യമുന്നയിച്ച് സഭ ശക്തമായ പ്രക്ഷോഭ രംഗത്തായിരുന്നു .കഴിഞ്ഞവർഷം സമയ നിയന്ത്രണങ്ങളോടെ
പാത എല്ലാവർക്കുമായി തുറന്നു നൽകി. എന്നാൽ സമയ നിയന്ത്രണത്തിൽ അശാസ്ത്രീയത ഒഴിവാക്കണമെന്ന് സഭ ശക്തമായി ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്ന നവകേരളസദസിലെ പൗര പ്രമുഖരുടെ യോഗത്തിൽ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ് ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിന് തീർത്ഥാടന പാതയിലെ നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുകയായിരുന്നു.
തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് നാളെ പതിനെട്ടു മലകളിലൊന്നായ ഇഞ്ചപ്പാറ മലയിലുൾപ്പെട്ട മൂഴിക്കൽ വച്ച് വൈകിട്ട് 4 ന് വിജയ ദിനാഘോഷം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സഭാ സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ: വി.ജി.ഹരീഷ് കുമാർ, യുവജന സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.റ്റി.പി. അരുൺ നാഥ്, വനിതാ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ദിവ്യ ദിവാകരൻ, യുവജന സംഘടന സംസ്ഥാന ട്രഷറർ പ്രൊഫ. സ്വാതി കെ.ശിവൻ എന്നിവർ പങ്കെടുത്തു.