പാലാ: ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി ആവിഷ്‌കരിച്ച സ്‌നേഹദീപം ഭവനപദ്ധതിപ്രകാരം നാല് സ്‌നേഹവീടുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അകലക്കുന്നം പഞ്ചായത്തിലെ മറ്റപ്പള്ളിയിലും കൊഴുവനാൽ പഞ്ചായത്തിലെ കെഴുവംകുളം കാളചന്തഭാഗത്തും മുത്തോലി പഞ്ചായത്തിലെ പന്തത്തലയിലും കിടങ്ങൂർ പഞ്ചായത്തിലെ കുമ്മണ്ണൂർ, മണ്ണിയേകുന്നേലുമാണ് ഈ വീടുകളുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. ഈ സ്‌നേഹവീടുകളുടെ താക്കോൽ സമർപ്പണം 26ന് 3.30 ന് അകലക്കുന്നം പഞ്ചായത്തിലെ മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ഡോ. ശശി തരൂർ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി., എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ സ്‌നേഹവീടുകളുടെ താക്കോൽ സമർപ്പണം നടത്തും.

സ്‌നേഹദീപം ഭവനപദ്ധതി ആരംഭിച്ചിട്ട് രണ്ട് വർഷം

സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് രണ്ട് വർഷം പൂർത്തീയാവുകയാണ്. 37 വീടുകളുടെ നിർമ്മാണമാണ് നാളിതുവരെ ഏറ്റെടുത്തത്. 29 വീടുകളുടെ താക്കോൽ സമർപ്പണം ഇതിനോടകം നടത്തി. സ്‌നേഹദീപത്തിലെ 30 മുതൽ 33 വരെയുള്ള നാല് സ്‌നേഹവീടുകളാണ് ഉമ്മൻചാണ്ടിയുടെ സ്മരണയിൽ നിർമ്മിച്ചിട്ടുള്ളത്. കൊഴുവനാൽ പഞ്ചായത്തിലെ ഇരുനൂറിൽപ്പരം സുമനസ്സുകളുടെ സഹകരണത്തോടെ ആരംഭിച്ച സ്‌നേഹദീപത്തിൽ ഇപ്പോൾ ആയിരത്തിഇരുനൂറിൽപ്പരം സുമനസ്സുകൾ കണ്ണികളാണ്. ഒരുമാസം മിനിമം ആയിരം രൂപ വീതം ഒരുവർഷത്തേക്ക് ഈ പദ്ധതിയിലേക്ക് സംഭാവനയായി നൽകുവാൻ സന്മസ്സുള്ളവരെയാണ് സ്‌നേഹദീപത്തിലെ സുമനസുകളായി ചേർക്കുന്നത്. നാളിതുവരെ ഒരുകോടി അറുപതുലക്ഷം രൂപയും ഭവനരഹിതർക്ക് വീടുകൾ നിർമ്മിക്കുന്നതിനായി 60 സെന്റ് സ്ഥലവും ഇതിനോടകം സമാഹരിക്കുവാൻ സാധിച്ചു. കൊഴുവനാൽ, മുത്തോലി, അകലക്കുന്നം, കിടങ്ങൂർ, എലിക്കുളം പഞ്ചായത്തുകളിലാണ് വീടുനിർമ്മാണം നടത്തിയിട്ടുള്ളത്.

അടുത്ത ആറുമാസംകൊണ്ട് സ്‌നേഹദീപത്തിലെ വീടുകളുടെ എണ്ണം അമ്പത് ആക്കുകയാണ് ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ സന്തോഷ് കാവുകാട്ട്, പ്രൊഫ. ഡോ. മേഴ്‌സി ജോൺ, ജഗന്നിവാസൻ പിടിക്കാപ്പറമ്പിൽ, ഫിലിപ്പ് വെള്ളാപ്പള്ളി, ബെന്നി കോട്ടേപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.