
കോട്ടയം : ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിൽ പരിശോധനകൾ ആരംഭിച്ചു. മായം ചേർക്കൽ തടയുന്നതിനും സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ നാല് സ്‌പെഷ്യൽ സ്‌ക്വാഡുകളായാണ് പരിശോധന. ഉത്സവ സീസണുമായി ബന്ധപ്പെട്ട് കേക്ക്, വൈൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു. ഭക്ഷ്യവസ്തുക്കളുടെ 17 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ, 44 സർവെയ്‌ലൻസ് സാമ്പിളുകളും ശേഖരിച്ച് ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജെ.ബി ദിവ്യ, നിമ്മി അഗസ്റ്റിൻ, തെരേസലിൻ ലൂയിസ്, നീതു രവികുമാർ, സന്തോഷ് കുമാർ, അക്ഷ വിജയൻ, നവീൻ ജയിംസ്, സ്‌നേഹ എസ്.നായർ എന്നിവർ നേതൃത്വം നൽകി.
175 സ്ഥാപനങ്ങളിൽ പരിശോധന
22 സ്ഥാപനങ്ങൾക്ക് പിഴ നോട്ടീസ്
വീടുകൾ കേന്ദ്രീകരിച്ച് കേക്കും പലഹാരങ്ങളും നിർമ്മിച്ച് വിൽപ്പന നടത്തുന്ന ചെറുകിട നിർമ്മാതാക്കളും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം. അല്ലാത്തപക്ഷം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കും. പരിശോധനാഫലം ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും.
(സി.ആർ രൺദീപ്, ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ)