
ആകാശം തൊടുന്ന അരയാലാണ് അന്നും ഇന്നും ഡോ.കെ.സി. പ്രകാശന് അച്ഛൻ കെ.എസ്. ചാത്തുണ്ണി. തൃശൂരിൽ നാമ്പെടുത്ത് കേരളമെമ്പാടും പടർന്നു പന്തലിച്ച വന്മരം. എലൈറ്റ് എന്ന വ്യവസായ ശൃംഖലയ്ക്ക് തുടക്കമിട്ട കെ.എസ്.ചാത്തുണ്ണിയുടെ ഏഴു പതിറ്റാണ്ട് നീണ്ട കർമ്മോത്സുകമായ ജീവിതം ഐതിഹാസികമായ ഏടാണ് ചേർത്തുവച്ചത്.
തിളക്കമുള്ള കണ്ണുകൾ, നെറ്റിയിൽ നീണ്ട ചന്ദനക്കുറി. കട്ടപ്പുരികവും അഴകുള്ള കൊമ്പൻ മീശയും.... കഠിനാദ്ധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആൾരൂപം. പ്രതിസന്ധികളിൽ ആടിയുലയാത്ത ജീവിതം. ചുറ്റും തണൽചൊരിഞ്ഞും സ്നേഹക്കാറ്റു കൊണ്ട് വീശിത്തണുപ്പിച്ചും പ്രതിസന്ധികൾക്കു മുന്നിൽ ഉലയാതെ തലയെടുപ്പോടെ നിന്ന മനുഷ്യമുഖം. ഗുരുദേവ ദർശനം പകർത്തിയും പങ്കുവച്ചും നേടിയ ജീവിതവിജയം. കൃഷിക്കാരനായി തുടങ്ങി, കച്ചവടവും വ്യവസായവും നടത്തി ഉന്നതിയിലെത്തിയപ്പോഴും പിന്നിട്ട വഴികളൊന്നും മറന്നില്ല.
മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനൊപ്പം സ്കൂളും കോളേജും തുടങ്ങി പാവപ്പെട്ടവന് അക്ഷരവെളിച്ചമേകാനുള്ള വഴിയും തെളിച്ചിട്ടു. രാഷ്ട്രീയ, സാംസ്കാരിക, വ്യാവസായിക രംഗത്ത് സ്വയം അടയാളപ്പെടുത്തി. ഗൗരവക്കാരനെന്ന് തോന്നുമെങ്കിലും എന്നും സഹജീവികളെ ചേർത്തുപിടിച്ചിരുന്ന അച്ഛനോർമ്മകൾ എലൈറ്റ് ഹോസ്പിറ്രൽ മാനേജിംഗ് പാർട്ണർ കൂടിയായ ഡോ. പ്രകാശന്റെ മനസിൽ കടലാസുതോണി പോലെ ഒഴുകിനടക്കുന്നു. തങ്ങൾ എട്ടുമക്കൾക്കും സ്വപ്നതുല്യമായ ജീവിതം അച്ഛൻ താലത്തിൽ പകുത്തുവച്ച് നൽകിയെന്ന് മൂത്തമകൻ കൂടിയായ ഡോ. പ്രകാശ് പറയുന്നു.
കർഷകനായി
തുടക്കം
തൃശൂർ എടത്തിരുത്തി കൊല്ലാറയിൽ ശങ്കുണ്ണി- കാളിക്കുട്ടി ദമ്പതികളുടെ മകൻ കെ.എസ്. ചാത്തുണ്ണിയുടെ ജനനം 1919 ഒക്ടോബർ രണ്ടിനാണ്. നാലു സഹോദരന്മാരും രണ്ട് സഹോദരികളും. കൃഷിയിലും വ്യവസായത്തിലും ചെറുതിലേയുള്ള ചാത്തുണ്ണിയുടെ താത്പര്യം വഴിത്തിരിവായി. പഠനകാലത്ത് വട്ടച്ചെലവിനു പണം കണ്ടെത്താൻ വീട്ടുവളപ്പിൽ ചെറിയ കച്ചവടം. മുതിർന്നപ്പോൾ റേഷൻ കടയിൽ നിന്ന് തുടക്കം. പൊടിമീശ മുളയ്ക്കും കാലത്ത് അച്ഛനും ജ്യേഷ്ഠൻ കണ്ണൻകുഞ്ഞിക്കുമൊപ്പം ശ്രീലങ്കയിലേക്കു പോയതോടെ ചാത്തുണ്ണിയിലെ വ്യവസായി വളർന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിക്കാലം. തീതുപ്പുന്ന ബോംബുകൾക്കിടയിൽ നിന്ന് പലരും പേടിച്ച് പലായാനം ചെയ്തപ്പോഴും പിടിച്ചു നിന്നു. ഒടുവിൽ നാട്ടിലേക്ക് ജീവിതം പറിച്ചുനട്ടെങ്കിലും കൊല്ലാറ കുടുംബത്തിനെ ശ്രീലങ്ക കനിഞ്ഞ് അനുഗ്രഹിച്ചിരുന്നു. 1940-ൽ അബ്കാരി മേഖലയിലേക്കു കടന്നതോടെ സാമ്പത്തിക അടിത്തറ വിപുലമായി. അന്യസംസ്ഥാനങ്ങളിലടക്കം വേരുകൾ വ്യാപിച്ചു. പിന്നീട് പൂർണമായും അബ്കാരി ബിസിനസ് ഉപേക്ഷിച്ചത് ഗുരുദർശനം മനസിൽ നിറഞ്ഞതുകൊണ്ടു കൂടിയായിരുന്നു.
1943-ൽ എടത്തിരുത്തിയിൽ വിവിധ വ്യവസായ മേഖലകളിൽ പണം മുടക്കി. കരുവന്നൂർ യൂണിയൻ ടൈൽ ഫാക്ടറിയും അശോക ടൈൽ ഫാക്ടറിയും അംബിക ടൈൽ ഫാക്ടറിയും പങ്കാളിത്തത്തോടെ ആരംഭിച്ചു. വടക്കാഞ്ചേരി ഇൻഡസ്ട്രിയൽസ്, എടപ്പള്ളി ഓയിൽ മിൽസ്, കൊല്ലാറ ബസ് സർവീസ് എന്നിവ സ്വന്തമായി. കേരള സോൾവെന്റ് എക്സ്ട്രാക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ആജീവനാന്ത ഡയറക്ടറുമായിരുന്നു. 1964-ലാണ് തൃശൂർ നഗരത്തിൽ പങ്കാളിത്തത്തോടെ ഗിഫ്റ്റ് ഹൗസിന് തുടക്കമിടുന്നത്. 65ൽ ഐലൈറ്റ് ഗ്രൂപ്പും പിറന്നു.
പ്രകാശ് മെഡിക്കൽസ്, എലൈറ്റ് ഫാബ്രിക്സ്, എലൈറ്റ് ജുവലറി, എലൈറ്റ് സാരി ഹൗസ്, തൃശൂർ ഹൈറോഡിലെ എലൈറ്റ് ഇലക്ട്രിക്കൽസ് ആൻഡ് ഹാർഡ്വെയേഴ്സ്, ഗുരുവായൂരിലെ എലൈറ്റ് ടൂറിസ്റ്റ് ഹോം, തൃശൂരിലെ എലൈറ്റ് ഹോട്ടൽ ഇന്റർനാഷണൽ, കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി, തളിക്കുളം എലൈറ്റ് ആശുപത്രി, എന്നിങ്ങനെ ബിസിനസ് സാമ്രാജ്യം വിപുലമായി. പാലക്കാട് , തൃശൂർ, എറണാകുളം ജില്ലകളിലും ആന്ധ്ര, തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വിപുലമായ അടിത്തറ പാകാൻ ചാത്തുണ്ണിക്കായി. സമ്പാദ്യപ്പെട്ടി നിറഞ്ഞപ്പോഴൊന്നും മതിമറന്ന് സന്തോഷിച്ചില്ല. നാട്ടിലെ സാധാരണക്കാരെ ചേർത്തുപിടിച്ചു. കൃഷിക്കാരും കർഷകത്തൊഴിലാളികളുമൊക്കെയും സാമ്പത്തികമായി വളർന്നു. ഒരു നാടിനെമുഴുവൻ അഭിവൃദ്ധിയിലെത്തിക്കാൻ ചാത്തുണ്ണിയെന്ന സ്നേഹശരീരത്തിനായി.
ജീവിതം പഠിപ്പിച്ച
അച്ഛൻ
അച്ഛനെ ഓർക്കാത്ത ഒരുദിവസം പോലുമില്ലെന്ന് ഡോ. പ്രകാശ് പറയുന്നു. '' ആലങ്കാരികമല്ലത്. വിവിധ മേഖകളിലായി പ്രതിദിനം അച്ഛൻ സംവദിച്ച് കടന്നുപോവും. അച്ഛനെപ്പോഴും കൂടെയുണ്ടെന്ന ധൈര്യമാണ് മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനമാകുന്നത്. അതൊരു ശക്തിയാണ്. പറഞ്ഞറിയിക്കാനാവാത്ത ഊർജ്ജമാണ്. അച്ഛൻ വഴികാട്ടിയായിരുന്നു. ഞാൻ അച്ഛനായപ്പോൾ എന്റെ അച്ഛനെ മാതൃകയാക്കാൻ ഇന്നോളം ശ്രമിച്ചിട്ടുണ്ട്.""അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
ഞങ്ങൾ പത്തു മക്കൾ. രണ്ടു പേർ അകാലത്തിൽ മരിച്ചു. എല്ലാവരും പഠിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതായി ഡോ. പ്രകാശ് പറയുന്നു. ഞാനടക്കം മൂന്നു പേർ ഡോക്ടർമാരായതും അച്ഛൻ വഴികാട്ടിയായതുകൊണ്ടാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവണമെന്ന ഗുരുവചനം അച്ഛനെ ആഴത്തിൽ സ്വാധീനിച്ചു. നന്നായി പഠിക്കുന്നവരോട് ജാതി, മത വേർതിരിവുകളില്ലാതെ സഹായഹസ്തം നീട്ടാൻ മടിച്ചിട്ടില്ല. സമ്പാദിച്ചതിന്റെ പങ്ക് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു.
തൃശൂർ നഗരത്തിലെ ഒരു പെയിന്റ് വ്യാപാരി, കച്ചവടം മോശമായി കടംകയറി പെടാപ്പാടുപെട്ട കാലം. കടയിലെ സാധനങ്ങൾ ലേലത്തിനു വിറ്റ് കടംവീട്ടാനായിരുന്നു തീരുമാനം. എന്നാൽ മറ്റു വ്യാപാരികൾ ചേർന്ന് കുറഞ്ഞ വിലയ്ക്ക് സാധനം കൈക്കലാക്കാൻ ഗൂഢാലോചന തുടങ്ങി. കാര്യങ്ങളറിഞ്ഞ അച്ഛൻ കടക്കാരനെ കണ്ട് ഉയർന്ന വിലയ്ക്ക് മുഴുവൻ സാധനങ്ങളും വാങ്ങി. അദ്ദേഹം മരിക്കും വരെ അച്ഛനെ നന്ദിയോടെ മാത്രമേ സ്മരിച്ചിട്ടുള്ളൂ.
ചെന്ത്രാപ്പിന്നി
സ്കൂൾ
എടത്തിരുത്തിയിൽ കുട്ടികൾക്ക് പഠിക്കണമെങ്കിൽ പത്തു കിലോമീറ്റർ അകലെയുള്ള ആർ.എം സ്കൂൾ മാത്രമായിരുന്നു ആശ്രയം. നടന്നു തളർന്ന് സ്കൂൾ വരാന്തയിൽ വിയർത്തു കുഴഞ്ഞിരിക്കുന്ന വിദ്യാർത്ഥികളുടെ മുഖം ചാത്തുണ്ണിയെ ചെറുതൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. നാട്ടിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നേടാനുള്ള വഴികൾ തിരയുകയായി പിന്നീട്. ചാത്തുണ്ണിയും സഹോദരൻ കണ്ണൻകുഞ്ഞിയും ചേർന്ന് ഹൈസ്കൂളിന് അനുമതി നേടി. അടുത്ത ബന്ധു കുഞ്ഞാണ്ടിയും ശ്രീകുമാരമംഗലം ക്ഷേത്രക്കമ്മിറ്റിയും മുൻകൈയെടുത്തതോടെ ചെന്ത്രാപ്പിന്നി കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിൽ ഹൈസ്കൂളിന് തുടക്കമായി.
സ്കൂളിന് നാടിന്റെ പേരിട്ടു. 1957 മുതൽ ചെന്ത്രാപ്പിന്നി ഹൈസ്കൂൾ അറിവിന്റെ സ്രോതസായി. എന്നാൽ സാമ്പത്തിക ഞെരുക്കം വല്ലാതെ ബുദ്ധിമുട്ടിച്ചു. 1961- ഓടെ സാമ്പത്തികം പ്രതിസന്ധിയായപ്പോൾ കമ്മിറ്റിക്കാർക്ക് താത്പര്യം കുറഞ്ഞു . സ്കൂൾ പൂട്ടേണ്ട അവസ്ഥയിൽ ചാത്തുണ്ണി ഏറ്റെടുത്തു. 1963 മുതൽ മരണം വരെ കെ.എസ്. ചാത്തുണ്ണിയായിരുന്നു സ്കൂൾ മാനേജർ. ബഹുനിലക്കെട്ടിടവും ലൈബ്രറിയും അത്യാധുനിക സൗകര്യങ്ങളോടെ നാലായിരം കുട്ടുകളുമായി ഹയർസെക്കൻഡറി സ്കൂളായി ഉയർന്നു.
ശ്രീനാരായണ
പ്രസ്ഥാനങ്ങൾ
പുലർച്ചെ നാലിന് ഉണരും. കുളിയും പ്രാർത്ഥനയും കഴിഞ്ഞാൽ പത്രവായന. അച്ഛന്റെ പതിവു ശീലങ്ങൾ പ്രകാശ് ഓർക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളെ അദ്ദേഹം ആവോളം സഹായിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തകനായിരിക്കെയാണ് കൂർക്കഞ്ചേരിയിൽ ശ്രീനാരായണ ഭക്തി പരിപാലന യോഗത്തിന്റെ (എസ്.എൻ.ബി.പി) അമരത്തേക്ക് എത്തുന്നത്. 1960 മുതൽ 90 വരെയുള്ള വിവിധ കാലങ്ങളിൽ അദ്ദേഹം എസ്.എൻ.ബി.പിയെ നയിച്ചു. എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി സമ്പത്തും ആരോഗ്യവും ചെലവഴിച്ചു.
സ്വാമി ബോധാനന്ദയുടെ പേരിൽ സ്മാരകവും നാട്ടികയിലെ എസ്.എൻ കോളേജും ഉൾപ്പെടെ സ്ഥാപിക്കാൻ സംഘടനയ്ക്കായതും ചാത്തുണ്ണിയുടെ നേതൃ പാടവം മൂലമാണ്. കോളേജിനായി ഇരുപത്തിയഞ്ച് ഏക്കർ സ്ഥലം വാങ്ങി കെട്ടിടവും നിർമ്മിച്ച എെെലറ്റ് ഗ്രൂപ്പ് , പിന്നീട് എസ്.എൻ. ട്രസ്റ്റിനുെെകമാറുകയായിരുന്നു. കോളേജിന്റെ സ്ഥാപക ട്രഷററായിരുന്നു. 1971-ലാണ് സ്വാമി ബോധാനന്ദ പങ്കാളിയായ ഗുരുവിജയ ട്രേഡിംഗ് കമ്പനിയുടെ ചെയർമാനാകുന്നത്. അന്നു മുതൽ മരണം വരെ കെ.എസ്.ചാത്തുണ്ണിയായിരുന്നു കമ്പനി ചെയർമാൻ. കമ്പനിയെ തൃശൂരിലെ പ്രമുഖ ചിട്ടി സ്ഥാപനമായി വളർത്തി. കമ്പനിയുടെ ചെയർമാൻ ഇപ്പോൾ ഡോ. പ്രകാശാണ്. വിശ്വഹിന്ദുപരിഷത്തിന്റെ തൃശൂർ ജില്ല പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട് കെ.എസ്. ചാത്തുണ്ണി.
വിപുലമായ
ബന്ധങ്ങൾ
വിവിധ മേഖലകളിലെ വിപുലമായ ബന്ധമായിരുന്നു കെ.എസ്.ചാത്തുണ്ണിയുടെ കരുത്ത്. ചന്ദ്രിക ആയുർവേദ സോപ്പ് ഉടമയായിരുന്ന സി.ആർ. കേശവൻ വൈദ്യരുമായി അഭേദ്യമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. പത്രാധിപർ കെ. സുകുമാരൻ, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, മുൻ മന്ത്രിമാരായ കെ.ടി. അച്യുതൻ, ടി.കെ. രാമകൃഷ്ണൻ, വി.വി. രാഘവൻ, കെ.കെ. ബാലകൃഷ്ണൻ, മുൻ സ്പീക്കർ വി.എം. സുധീരൻ, ഡെപ്യൂട്ടി സ്പീക്കർ പി.കെ. ഗോപാലകൃഷ്ണൻ, മുൻ ഗവർണർ കെ.കെ. വിശ്വനാഥൻ, എസ്.എൻ.ഡി.പി യോഗം മുൻ ഭാരവാഹികളായ ഡോ.കെ.കെ. രാഹുലൻ, എ.എസ്. പ്രതാപ് സിംഗ്, എസ്.എൻ. ട്രസ്റ്റ് മുൻ സെക്രട്ടറി അഡ്വ. എം.കെ.രാഘവൻ തുടങ്ങി നിരവധിപ്പേരുമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.
കുടുംബം
പരേതയായ കൗസല്യയാണ് കെ.എസ്. ചാത്തുണ്ണിയുടെ ഭാര്യ. പരേതയായ അരുന്ധതി, കെ.സി. വാസുദേവൻ, കെ.സി. ശശിധരൻ, കെ.സി. ഉഷ, ഡോ. കെ.സി. വിജയരാഘവൻ, കെ.സി. സുനിൽകുമാർ, കെ.സി. അനിൽകുമാർ, ഡോ. കെ.സി. പ്യാരിലാൽ എന്നിവരാണ് മറ്റു മക്കൾ. ശ്യാമപ്രകാശ്, ജയ വാസുദേവൻ, പുഷ്പ ശശിധരൻ, ഡോ. ഹേമചന്ദ്രൻ, ലതിക വിജയരാഘവൻ, വിനീത സുനിൽ, ശാലിനി അനിൽ, മീര പ്യാരിലാൽ എന്നിവരാണ് മരുമക്കൾ: യാമിനി, പല്ലവി, ഐശ്വര്യ, മേഘ്ന എന്നിവർ പ്രകാശിന്റെ മക്കളും, ഡോ. തനോജ്, ജയപ്രകാശ് (ബിസിനസ്), ഡോ. അവിനാഷ്, ജ്യോതിസ് മോഹൻ (ഇൻകംടാക്സ് അഡിഷണൽ കമ്മിഷണർ കൊച്ചി) എന്നിവർ മരുമക്കളുമാണ്.