
കോട്ടയം : ഉണക്ക ഈർക്കിലിയിൽ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയം തീർത്തിരിക്കുകയാണ് ഏലം കർഷകനായ ഇടുക്കി കൊന്നതടി പാറയ്ക്കൽ രാജേഷ്.
നാഗമ്പടം മൈതാനിയിൽ കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ) കോട്ടയം സോണിന്റെ മേളയിലെത്തിയാൽ ആദ്യം കണ്ണ് ഉടക്കുന്നത് ഇവിടേക്കാണ്. 20 വർഷമായി രാജേഷ് ഈ മേഖലയിലുണ്ട്. ആദ്യകാലങ്ങളിൽ ചിരട്ടിയിലായിരുന്നു നിർമ്മാണം. കെ.എസ്.ആർ.ടി.സി ബസ്, വീട്, ആമ, ദിനോസർ, കപ്പൽ, മുതല, സിംഹം, ക്ഷേത്രം എന്നിങ്ങനെ നീളുന്നു ഈർക്കിലിയിലെ കരവിരുതുകൾ. ഒഴിവുവേളകളിലാണ് നിർമ്മാണം. ഓരോ ശില്പങ്ങളും പൂർത്തിയാകുന്നതിന് മാസങ്ങളും വർഷങ്ങളും എടുക്കും. 12 അടി നീളമുള്ള മുതല നിർമ്മിക്കാൻ 9 മാസം, കപ്പൽ ഒരു വർഷം, 9 അടി നീളമുള്ള സിംഹം ആറ് മാസം, 9 അടി നീളമുള്ള ദിനോസർ 8 മാസം എന്നിങ്ങനെ.
നിർമ്മാണം ഇങ്ങനെ
ഉണങ്ങിയ ഈർക്കിലി ചീകി മിനുക്കിയ ശേഷം ഫെവിക്കോൾ, പ്ലസ് ക്വിക് എന്നിവ ഉപയോഗിച്ച് ഒട്ടിച്ചുചേർത്താണ് നിർമ്മാണം. മാർക്കറ്റിൽ നിന്ന് ചൂല് വാങ്ങും. ഒരു ചൂലിന് 40 രൂപയാണ് വില വരുന്നതെന്ന് രാജേഷ് പറഞ്ഞു. ഈർക്കിലി നിർമ്മാണ വസ്തുക്കളുടെ പ്രദർശനം ആദ്യമായാണ് നടത്തുന്നത്. രമ്യയാണ് ഭാര്യ. ശിവാനി, നവീൻ എന്നിവരാണ് മക്കൾ.