
മുണ്ടക്കയം : വ്യക്തമായ ദിശാ ബോർഡുകളുടെ അഭാവം മൂലം ശബരിമല തീർത്ഥാടകരെ വട്ടംചുറ്റിക്കുകയാണ് വരിക്കാനി കവല. എരുമേലി വഴിയും കോരുത്തോട് വഴിയും ശബരിമലയിലേക്കുള്ള രണ്ട് റോഡുകൾ സംഗമിക്കുന്ന ഇവിടെ തീർത്ഥാടകരെ ആശയക്കുഴപ്പത്തിലാക്കുന്ന വിധത്തിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എരുമേലി വഴി പേട്ടതുള്ളി പോകേണ്ട ഭക്തർക്ക് വലത്തേക്കും, നേരിട്ട് കോരുത്തോട് വഴി പമ്പയിലേക്ക് പോകേണ്ടവർക്ക് ഇടത്തേക്കുമാണ് യാത്ര ചെയ്യേണ്ടത്. ഇവ സൂചിപ്പിച്ച് ദിശാ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് 'വൈ ' ആകൃതിയിലുള്ള കവലയുടെ ഒത്തനടുക്കാണ്. അതും തിരക്കേറിയ റോഡിൽ. കവലയുടെ നടുവിൽ എത്തിയാൽ മാത്രമേ ഈ ബോർഡുകൾ കാണാൻ കഴിയൂ. പെട്ടെന്ന് രണ്ട് റൂട്ടുകൾ കാണുന്നതിനാൽ വാഹനങ്ങൾ വേഗത്തിൽ നിറുത്തും. ഇത് അപകടങ്ങൾക്കും ഗതാഗതതടസത്തിനും ഇടയാക്കും. തെറ്റായ റോഡിലേക്ക് കയറുന്ന വാഹനം പിന്നോട്ടെടുക്കുന്നത് പതിവ് കാഴ്ചയാണ്. മുണ്ടക്കയം കോസ്‌വേ കഴിഞ്ഞു മുൻപോട്ട് വരുന്ന വഴിയിൽ പുത്തൻചന്തയ്ക്കും വരിക്കാനിയ്ക്കും ഇടയിൽ ബോർഡ് സ്ഥാപിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും.