മുണ്ടക്കയം: മണ്ഡലകാല മഹോത്സവത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിപാതകൾ തീർത്ഥാടക വാഹനങ്ങളാൽ നിറഞ്ഞു. കുട്ടിക്കാനം മുതൽ എരുമേലി വരെ കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടക വാഹനങ്ങൾ മണിക്കൂറുകളോളം ആണ് പൊലീസ് പിടിച്ചത്. ഇതേത്തുടർന്ന് 35 -ാം മൈലിലും, കോസ്‌വേ ജംഗ്ഷനിലും അന്യസംസ്ഥാനത്തിൽ നിന്നുള്ള തീർത്ഥാടകർ മുണ്ടക്കയം എരുമേലി പാത ഉപരോധിച്ചിരുന്നു. നിരവധി തവണ തീർത്ഥാടക വാഹനങ്ങൾ തടഞ്ഞതോടെ തീർത്ഥാടകർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞും, റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. ഉപരോധം നീണ്ടതോടെ മുണ്ടക്കയം ടൗൺ ഉൾപ്പെടെ ദേശിയ പാതയിലും ഗതാഗതം നിലച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കയ്യേറ്റശ്രമം വരെ ഉണ്ടായതായും തീർത്ഥാടകർ പറയുന്നു.
24ന് രാത്രി 12 ആരംഭിച്ച ഗതാഗതക്കുരുക്ക് 25ന് ഉച്ചകഴിഞ്ഞതോടെയാണ് അല്പം കുറഞ്ഞത്. ഇതോടെ വെള്ളവും, ഭക്ഷണവും, ടോയ്ലറ്റ് സൗകര്യമില്ലാതെ തീർത്ഥാടകർ നന്നേ കഷ്ടപ്പെട്ടു. പൊലീസുകാരുടെ കുറവും പ്രതിഷേധങ്ങൾക്ക് ഇടവരുത്തി. ചുക്കുകാപ്പി വിതരണത്തിന് ഏർപ്പെട്ട സേവാഭാരതി പ്രവർത്തകരും പൊലീസും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ക്രിസ്‌മസ് ദിനത്തിൽ ദേവാലയത്തിൽ പോകാനിറങ്ങിയ വിശ്വാസികളും ഗതാഗത കുരുക്കിലകപ്പെട്ടു.
വിനയായത് അശാസ്ത്രിയ പരിഷ്കരണം
ശബരിമലയിൽ ഇത്തവണ നടപ്പിലാക്കിയ അശാസ്ത്രിയ പരിഷ്കാരമാണ് തീർത്ഥാടന കാലം അലങ്കോലമാകാൻ കാരണമെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച രാവിലെ ചെറിയതോതിൽ ഗതാഗതക്കുരുക്ക് ഉണ്ടെങ്കിലും രൂക്ഷമായിരുന്നില്ല.