മുണ്ടക്കയം ഈസ്റ്റ്: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ കൊക്കിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. പൂനെ സ്വദേശികളായ അരുൺ, ഭാര്യ ശീതൾ, മകൻ: അരവിന്ദ്, പെരുമ്പാവൂർ സ്വദേശിയായ ഡ്രൈവർ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10:30 ഓടെയായിരുന്നു അപകടം. തേക്കടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

ദേശീയപാതയിൽ മരുതുംമൂട്ടിൽ നിന്നും കാറ് താഴേക്ക് പതിച്ച് മതംബ റോഡ് വരെ എത്തിനിൽക്കുകയായിരുന്നു. അപകടത്തിൽ ശീതളിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്റ്റേറ്റ് തോട്ടത്തിലെ മരങ്ങൾ വെട്ടിമാറ്റിയതുമൂലം വാഹനം തങ്ങിനിൽക്കുവാൻ സ്ഥലം ഇല്ലാത്തത് മൂലമാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നത്. മുൻപ് ഇവിടെ സ്ഥിരം അപകടങ്ങൾ പതിവായിരുന്നു. ശബരിമല സീസണിന് മുമ്പ് മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും നടപ്പായില്ല.

ഇത് അപകടപാത

ഹൈറേഞ്ച് പാതയിൽ പെരുവന്താനം മുതൽ താഴേക്കുള്ള യാത്രയിൽ നിരവധി അപകടങ്ങളാണ് ദിവസവും നടക്കുന്നത്. അപകട മുന്നറിയിപ്പ് ലൈറ്റുകൾ മിക്കതും മിഴി അടച്ച നിലയിലാണ്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും സംവിധാനങ്ങളില്ല. ഇനി മകരവിളക്ക് സീസൺ ആകുന്നതോടെ തീർത്ഥാടക വാഹനങ്ങളുടെ എണ്ണം വർദ്ധിക്കും. അപകട സാധ്യത ഒഴിവാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയാണ്.