kay

കോട്ടയം : അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വാഴക്കുല വരവ് ഉയർന്നതോടെ നാടൻ കർഷകർക്ക് പറയാനുള്ളത് നഷ്ടക്കഥ മാത്രം.
വയനാടൻ എന്ന പേരിൽ കർണാടകത്തിൽ നിന്ന് ഏത്തനും പാളയനും പൂവനുമാണ് വൻതോതിൽ എത്തുന്നത്. നൂറു കണക്കിന് ഏക്കർ പാട്ടത്തിനെടുത്താണ് വാഴകൃഷി നടത്തുന്നത്. ഇടവിളയായി ഇഞ്ചിയും മഞ്ഞളും കൂവയും നടും. കേരളത്തിൽ പൊതുവെ എല്ലാ സീസണിലും ഡിമാൻഡുള്ള ഞാലിപ്പൂവൻ തമിഴ്‌നാട്ടിൽ നിന്ന് വലിയതോതിലാണ് എത്തുന്നത്. കമ്പം, തേനി, മധുര പ്രദേശങ്ങളിൽ വാഴയില വില്പന കൂടി കണക്കിലെടുത്താണ് ഞാലിപ്പൂവൻ കൃഷി. അയൽസംസ്ഥാനങ്ങളില്ലെല്ലാം വാഴക്കുല വിളവെടപ്പുകാലം എത്തിയതാണ് നാട്ടിൽ ന്യായവില ഇല്ലാതാകാൻ ഇടയാക്കിയത്. ഓരോ പ്രദേശത്തും വില വ്യത്യസ്തവുമാണ്. 10 രൂപ മുതൽ 20 രൂപ വരെ ഉയർത്തിയാണ് വ്യാപാരികൾ പഴം വിൽക്കുന്നത്. ഏത്തക്കുലയുടെ ലാഭം കൊയ്യുന്നത് ചിപ്‌സ്, ശർക്കരവരട്ടി വ്യാപാരികളാണ്. ഹോൾസെയിൽ 35 രൂപ നിരക്കിൽ ഏത്തക്കുല വാങ്ങി ചിപ്‌സ് തയ്യാറാക്കി കിലോയ്ക്ക് 450 രൂപയ്ക്കാണ് വിൽക്കുന്നത്. ശബരിമല സീസണായതിനാൽ ആന്ധ്ര, തെലങ്കാന തീർത്ഥാടകരാണ് മടക്കയാത്രയിൽ ചിപ്‌സ് വാങ്ങുന്നത്.

കർഷകർക്ക് ലഭിക്കുന്നത്

റോബസ്റ്റ : 20

പാളയംകോടൻ : 20

വെള്ളപ്പൂവൻ : 30

ഞാലിപ്പൂവൻ : 40

ഏത്തൻ : 40

റബർ ചതിച്ചു, വാഴയും

റബർ വില ഇടിഞ്ഞതോടെ നിരവധി കർഷകരാണ് വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. വിത്തും വളവും വിലയ്ക്ക് വാങ്ങിയാണ് കൃഷി. വാഴവിത്ത് ഇപ്പോൾ എല്ലാ ഇനങ്ങൾക്കും 20, 25 രൂപയാണ് വില. 10,12 രൂപയായിരുന്നു മൂന്നു വർഷം മുൻപ് വില. 750 രൂപ മുതൽ 1000 രൂപയാണ് തൊഴിലാളികൾക്ക് കൂലി. കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്. ഗ്രാമച്ചന്തകളും കർഷക ഓപ്പൺ മാർക്കറ്റുകളും നിലച്ചുപോയതിനാൽ വിപണന സാദ്ധ്യതയും നഷ്ടമായി. കച്ചവടക്കാരൻ പറയുന്ന വിലയ്ക്ക് കൊടുക്കാനേ സാധിക്കൂ.

മടുത്തു ഇനിയും വയ്യ !

ജില്ലയിൽ നെടുംകുന്നം, കറുകച്ചാൽ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. 100 ലധികം കർഷകർ ഇപ്പോഴും കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്. മുൻവർഷങ്ങളിൽ ഏത്തക്കുലയ്ക്ക് ഉണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കർഷകരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു. വളത്തിന് ഉണ്ടായ അമിത വില വർദ്ധനവും മറ്റൊരു ബുദ്ധിമുട്ടിലാക്കി. പൊട്ടാഷിനടക്കം വില ഉയർന്നു.

''കാലംതെറ്റി പെയ്ത പേമാരിയിൽ ഏത്തവാഴയ്ക്ക് നാശനഷ്ടം സംഭവിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യവും ഇരട്ടിയായി. നിലവിൽ കൃഷി ചെയ്തിരിക്കുന്ന വാഴകളുടെ ഇലകരിഞ്ഞുപോകുന്ന സ്ഥിതിയുണ്ടായതും ഉദ്പാദനത്തെ ബാധിച്ചു.

രാജേന്ദ്രൻ, കറുകച്ചാൽ