
കോട്ടയം: ക്രിസ്മസ് - പുതുവത്സര അവധി ആഘോഷിക്കാൻ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വലിയ ജനത്തിരക്കുണ്ട്. തണുപ്പു തുടങ്ങിയതോടെ വാഗമണ്ണിലും ഇല്ലിക്കക്കല്ലിലും തിരക്കേറി.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് തിരക്ക് തുടങ്ങിയത്. കുമരകത്തും പരിസരത്തും വിദേശികൾ ഉൾപ്പെടെ സഞ്ചാരികൾ നിറഞ്ഞു. ഹോട്ടലുകളിലും ഷാപ്പുകളിലും രുചിനുകരാൻ കുടംബത്തോടെയാണ് ആളുകളുടെ വരവ്. ഹൗസ് ബോട്ടിൽ യാത്ര ചെയ്തും റിസോർട്ടുകളിലും ഹോംസ്റ്റേകളിലും രാത്രി ചെലവഴിച്ചും അടിച്ചുപൊളിക്കുകയാണ്. ഇക്കുറി ക്രിസ്മസ് തിങ്കളാഴ്ച ആയിരുന്നതിനാൽ ഉദ്യോഗസ്ഥരും ടെക്കികളും തുടർച്ചയായി മൂന്ന് ദിവസം അവധി ആഘോഷിച്ചാണ് മടങ്ങിയത്.
ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മലയോരത്ത് തണുപ്പും ശക്തമായി. വാഗമണ്ണിൽ വന്നുപോകുന്ന സഞ്ചാരികളാണ് ഇപ്പോൾ അധികവും. ക്രിസ്മസ് കഴിഞ്ഞ് ന്യൂഇയർ വരെയുള്ള ദിവസങ്ങളിലാണ് ഹോട്ടൽ മുറികളിലും ഹോംസ്റ്റേകളിലും തിരക്ക് വർധിക്കുന്നത്. കാലാവസ്ഥയും അനുകൂലമായതോടെ വരും ദിവസങ്ങളിൽ വാഗമൺ സഞ്ചാരികളെക്കൊണ്ട് നിറയാനാണ് സാദ്ധ്യത. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, വിവിധ വ്യൂ പോയിന്റുകൾ, തേയിലത്തോട്ടങ്ങൾ, അഡ്വഞ്ചർ പാർക്ക്, സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികളും ധാരാളമുണ്ട്.
പുതുവർഷവം പൊളിക്കും
ന്യൂഇയറിനും ബുക്കിംഗുണ്ട്. ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിലേക്ക് പോകുംവിധമാണ് പാക്കേജ്. ഏജൻസികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ റിസോർട്ടുകളും ഹൗസ് ഫുള്ളാണ്. വെടിക്കെട്ടും പാപ്പാഞ്ഞിയെ കത്തിക്കലും ഉൾപ്പെടെ വിവിധ പരിപാടികളാണ് റിസോർട്ടുകൾ പുതുവർഷത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
തിരക്കിന് അനുകൂല ഘടകങ്ങൾ
ശബരിമലയിൽ ഭക്തർ കൂടിയതും ഗുണകരം
വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നു
ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കു തുടരുന്നു
ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് കൂടുതൽ ആളുകൾ