കോട്ടയം: ധനുമാസത്തിലെ തിരുവാതിര നാളിൽ വീടുകളിൽ പ്രാധാന്യത്തോടെ ഉണ്ടാക്കുന്ന വിഭവമാണ് തിരുവാതിരപ്പുഴുക്ക്. എന്നാൽ വിപണിയിൽ പുഴുക്കിന് ആവശ്യമായ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നതിനാൽ പുഴുക്ക് ഉണ്ടാക്കൻ ചെലവേറെയായി. ,
കാച്ചിൽ, ചേന, ചേമ്പ്, കൂർക്ക, ഏത്തയ്ക്ക എന്നിവയാണ് പുഴുക്ക് തയ്യാറാക്കാൻ പ്രധാനമായി വേണ്ടത്. ഇവയുടെ വില കിലോയ്ക്ക് കാച്ചിൽ 80, ചേമ്പ് 70, ചേന 80, കപ്പ 40, കൂർക്ക 50, ഏത്തയ്ക്ക 50, വൻപയർ 120, തേങ്ങ 35,മധുരക്കിഴങ്ങ് 40 എന്നങ്ങനെയാണ്. അന്യസംസ്ഥാനത്ത് നിന്നും പ്രാദേശിക വിപണിയിൽ നിന്നും ഇവയുടെ വരവ് കുറഞ്ഞതും വില വർദ്ധനവിന് ഇടയാക്കി. വിപണിയിൽ റെഡി ടു ഈറ്റ് തിരുവാതിരപ്പുഴുക്കും ലഭ്യമാണ്.
പുഴുക്ക് തയ്യാറാക്കുന്നത് ഇങ്ങനെ,
ഉല്പന്നങ്ങൾ കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കും. വെന്തുകഴിയുമ്പോൾ വൻപയർ വേവിച്ചത് ചേർത്തിളക്കും. ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക് എന്നിവ ചേർത്തിളക്കി കുഴച്ച് പച്ചവെളിച്ചെണ്ണ തൂകി കറിവേപ്പില ചേർത്ത് തീകെടുത്തി അടച്ചുവെയ്ക്കുക. അല്പംകഴിഞ്ഞ് ഒന്നുകൂടി ഇളക്കുക. തിരുവാതിരപ്പുഴുക്ക് തയ്യാർ.
ഐതിഹ്യം
ഹൈന്ദവ വിശ്വാസമനുസരിച്ച് ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമാണ് ധനുവിലെ തിരുവാതിര. വിവാഹിതരായ സ്ത്രീകൾ കുടുംബത്തിന്റേയും ഭർത്താവിന്റേയും മക്കളുടെയും ഐശ്വര്യത്തിനും ദീർഘായുസിനും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. കന്യകകളായ പെൺകുട്ടികൾ തങ്ങളുടെ ഇഷ്ടമാംഗല്യ സിദ്ധിക്ക് വേണ്ടി വ്രതം അനുഷ്ഠിക്കുന്നു. തിരുവാതിരദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. തിരുവാതിരനാൾ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കുകയാണ്. തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, പാതിരാപ്പൂ ചൂടൽ തുടങ്ങിയവയും ചടങ്ങുകളാണ്.