പൊൻകുന്നം: ക്രിസ്മസ് ദിനത്തിൽ പി.പി.റോഡിൽ കുരുങ്ങി തീർത്ഥാടകർ വലഞ്ഞു. പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ തിരക്കുമൂലം വിവിധ കേന്ദ്രങ്ങളിൽ പൊലീസ്, തീർത്ഥാടകരുടെ വാഹനങ്ങൾ പിടിച്ചിട്ടതോടെയാണ് പി.പി.റോഡ് കുരുക്കായത്. തിങ്കളാഴ്ച പുലർച്ചെ മുതൽ പാലാ മുതൽ വാഹനങ്ങളുടെ നിരയായിരുന്നു. ഗതാഗാതം പാടെ സ്തംഭിച്ച നിലയിലായി പി.പി.റോഡ്. ബസുകളും മറ്റ് വാഹനങ്ങളും ഓടാനാവാത്ത വിധം ഗതാഗതക്കുരുക്കായി.
പാലാ മുതൽ പൂവരണി വരെയും എലിക്കുളം മുതൽ കൊപ്രാക്കളം വരെയും വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടു. രണ്ടും മൂന്നും വരിയായി ബസുകളും ചെറുവാഹനങ്ങളും റോഡിൽ നിരന്നതോടെ ഉച്ചവരെ ഗതാഗതം പൂർണമായി സ്തംഭിച്ചു. അഞ്ചുമണിക്കൂറിലേറെ വഴിയിൽ കാത്തുകിടക്കേണ്ടി വന്ന തീർത്ഥാടകർ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. ഗതാഗതക്കുരുക്ക് അഴിക്കാനും വാഹനങ്ങൾ കടത്തിവിടാനും പൊലീസ് നിസഹായരായി. സന്നദ്ധപ്രവർത്തകർ കൂടി സഹകരിച്ചാണ് മണിക്കൂറുകൾക്ക് ശേഷമെങ്കിലും കുരുക്കഴിക്കാനായത്. പൂവരണി, ഇളങ്ങുളം ക്ഷേത്രമൈതാനങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടിരുന്നു. അതിന് ശേഷമെത്തിയ വാഹനങ്ങളാണ് റോഡിൽ നിർത്തിയിടേണ്ടിവന്നത്. മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയ തീർത്ഥാടകർ പ്രതിഷേധ ശരണം വിളിയുമായി റോഡിൽ കൂട്ടംകൂടിയ കാഴ്ചയായിരുന്നു പി.പി.റോഡിൽ പലയിടത്തും.