പാലാ: ''ഗബ്രിയേലിന്റെ ദർശന സാഫല്യമായി... സർവലോകർക്കും നൻമയേകും കാരുണ്യമായി...''. വനിതാ ഡോക്ടർമാരുടെ ക്രിസ്‌മസ് നൃത്തം വൈറലായി.

മുത്തോലി ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ. ചിന്നു രാമചന്ദ്രനും അതിരമ്പുഴ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ. ശ്രീദേവിയും ചേർന്നാണ് സൂപ്പർഹിറ്റ് പാട്ടിന് പുത്തൻ നൃത്തച്ചുവടുകൾ ഒരുക്കിയത്. പാരമ്പര്യ രീതിയിൽ ചട്ടയും മുണ്ടുമണിഞ്ഞാണ് ഇവർ ചുവടുവച്ചത്. സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ഈ ക്രിസ്മസ് ഡാൻസ് ചുരുങ്ങിയ സമയത്തിനുള്ളിൽ യു ട്യൂബിൽ രണ്ട് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.

നാഷണൽ ഹെൽത്ത് മിഷൻ ആയൂർവേദ ഡോക്ടർമാരുടെ കോട്ടയം ജില്ലാതല ക്രിസ്‌മസ് ആഘോഷ പരിപാടിയിലാണ് ഡോ. ചിന്നു രാമചന്ദ്രനും ഡോ. ശ്രീദേവിയും പഴയ പ്രസിദ്ധമായ പാട്ടിന് നൃത്തച്ചുവടൊരുക്കി ശ്രദ്ധേയരായത്. ഇരുവരും ക്ലാസിക്കൽ ഡാൻസ് പഠിച്ച് അരങ്ങേറിയവരാണ്. ചിന്നു ഇപ്പോഴും പൊതുവേദികളിൽ നൃത്തം അവതരിപ്പിക്കുന്നുണ്ട്. ശ്രീദേവി തിരുവാതിര കളിയിലും നൃത്തയിനങ്ങളിലും ശ്രദ്ധേയയാണ്.

രാമപുരം ഐങ്കൊമ്പ് സ്വദേശിനിയാണ് ഡോ. ചിന്നു രാമചന്ദ്രൻ. ഭർത്താവ് ഡോ. മനോജ് പ്രഭ രാമപുരം ഗവ. ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു.

കോട്ടയം ചെമ്മനംപടി സ്വദേശിനിയായ ഡോ. ശ്രീദേവിയുടെ ഭർത്താവ് ഡോ. സുജിത് ചന്ദ്രൻ കോട്ടയം കിംസ് ആശുപത്രിയിൽ ഫിസിഷ്യനാണ്.

.

ഇത്റ വൈറലാകുമെന്ന് കരുതിയില്ല ​
ഞങ്ങളുടെ സൗഹൃദ സദസ്സിലെ ക്രിസ്‌മസ് ആഘോഷത്തിൽ ഒരു വ്യത്യസ്തതയ്ക്കുവേണ്ടി ചെയ്ത ഡാൻസ് ഇത്ര വൈറലാകുമെന്ന് കരുതിയില്ല. വളരെ സന്തോഷം. ഒരു ദിവസംകൊണ്ട് പഠിച്ചെടുത്ത് കൂട്ടുകാർക്ക് മുന്നിൽ ഒരു സസ്‌പെൻസായി അവതരിപ്പിച്ചതാണിത്.- ഡോ. ചിന്നു രാമചന്ദ്രൻ ''കേരളകൗമുദി''യോട് പറഞ്ഞു.ആഘോഷത്തിൽ പങ്കെടുത്ത സുഹൃത്തുക്കളിലാരോ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു.