വൈക്കം; മഹാദേവ ക്ഷേത്രത്തിലെ ആർദ്രാ ദർശനം ഇന്ന് രാവിലെ 5.30ന് ശേഷം നടക്കും. ഈ സമയം പ്രഭാത ശ്രീബലിക്കായി വൈക്കത്തപ്പനെ പുറത്തേക്ക് എഴുന്നള്ളിക്കും. ഭഗവാന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്താണ് വൈക്കത്തപ്പന്റെ പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ് നടക്കുന്നത്. വെള്ളിയിൽ നിർമ്മിതമായ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പന്റെ തിടമ്പ് എഴുന്നള്ളിച്ച് പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലറ്റരിക്കും. അവകാശികളായ മൂസതുമാർ ചുമലിലേറ്റി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും. വിവിധ വാദ്യമേളങ്ങൾ അകമ്പടിയാകും. എഴുന്നള്ളിപ്പിന് ശേഷമുള്ള ദർശനവും പ്രധാനമായതിനാൽ തിരുവാതിര വ്രതമെടുുത്ത സ്ത്രീകൾ ഉൾപ്പെടെ അനവധി ഭക്തർ ക്ഷേത്രത്തിലെത്തുക പതിവാണ്. ധനുമാസത്തിലെ തിരുവാതിരയാണ് വൈക്കത്തപ്പന്റെ ജന്മനക്ഷത്രം. ഈ ദിനത്തിൽ സ്ത്രീകൾ ഭർത്താവിന്റെ യശസിനും നെടുമംഗല്യത്തിനുമായും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കുന്നതിനായും വ്രതമനുഷ്ഠിക്കുന്നു. ധനുമാസത്തിലെ തിരുവാതിരയെഴുന്നള്ളിപ്പിന് മാത്രം ഉപയോഗിക്കുന്ന വെള്ളിയിൽ നിർമ്മിച്ച ഒരു ഋഷഭം വൈക്കം ക്ഷേത്രത്തിലുണ്ട്.