
കോട്ടയം: കേരളരാഷ്‌ട്രീയ നഭസിൽ താരശോഭയോടെ ഉദിച്ചുയർന്നുനിന്ന ഉമ്മൻചാണ്ടി ,കാനം രാജേന്ദ്രൻ എന്നിവരുടെ വിടവാങ്ങൽ 2023 വിടപറയുമ്പോൾ രാഷ്ടീയ കോട്ടയത്തിന് തീരാനഷ്ടമാവുകയാണ് . തിരുവനന്തപുരത്ത പുതുപ്പള്ളി വീട് മുതൽ പുതുപ്പള്ളി മണ്ഡലം വരെ കേരളം കണ്ട വലിയ വിലാപയാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഒരു നോക്കു കാണാൻ അർദ്ധരാത്രിയിലും ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നവരുടെ നീണ്ടനിര അദ്ദേഹത്തിന്റെ ജനകീയതയുടെ നേർചിത്രമായി.
മറ്റൊരു നേതാവിനും സമീപകാലത്ത് കേരളം ഇത്രയും വേദനയോടെ കേരളം വിടനൽകിയിട്ടില്ല.
പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ കല്ലറയിലേക്ക് ഇന്നും സാധാരണക്കാർ ഒഴുകിയെത്തുന്നുണ്ട്.
കേരള രാഷ്ടീയത്തിൽ ജന്റിൽമാൻ പരിവേഷമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അകാല നിര്യാണവും കോട്ടയത്തിന് മറ്റൊരു ഷോക്കായി.
## ഉമ്മൻചാണ്ടി അന്തരിച്ച് നാൽപത്തൊന്ന് തികയും മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിൽ
മുഖ്യമന്ത്രി പിണറായി വിജയനും മറ്റുമന്ത്രിമാരും ശക്തമായ പ്രചാരണം നടത്തിയിട്ടും
ചാണ്ടി ഉമ്മൻ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് അരനൂറ്റാണ്ടായി പിതാവ് റെക്കാഡ് തിളക്കത്തിൽ പരിപാലിച്ച മണ്‌ഡലം നിലനിറുത്തിയത് കേരള രാഷ്ടീയത്തിലെ അപൂർവതയായി.
## സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വരെയായ വൈക്കം വിശ്വൻ ആയിരം സൂര്യ ചന്ദ്രന്മാരെ കണ്ട വർഷം കൂടിയായിരുന്നു. 2023.
നവകേരളയാത്രയ്ക്കിടയിൽ ഇടതു ഘടകകക്ഷിയായ കേരളാകോൺഗ്രസ് എം.പി തോമസ് ചാഴികാടനെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരുത്തി വിമർശിച്ച വിവാദത്തോടെയാണ് 2023 വിടവാങ്ങുന്നത്.
ഗംഭീരമായി സത്യഗ്രഹ ശതാബ്ദി ആഘോഷം
വൈക്കം ക്ഷേത്ര വഴികളിലൂടെ പിന്നാക്കക്കാർക്ക് നടക്കുന്നതിനുള്ള അവകാശം 603 ദിവസം നീണ്ട സഹന സമര പോരാട്ടത്തിലൂടെ നേടിയെടുത്ത വൈക്കം സത്യാഗ്രഹസമരത്തിന്റെ ശതാബ്ദി ആഘോഷം വേറിട്ടതായി. എല്ലാ രാഷ്ടീയ സാമുദായിക സംഘടനകളും സംസ്ഥാന സർക്കാരും സത്യാഗ്രഹ ആഘോഷപരിപാടികൾ വിപുലമായ് ന ടത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ , കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേ , തുടങ്ങിയ വി.വി.ഐ.പികളും എത്തിയിരുന്നു.
അവിശ്വാസം വിജയിച്ചില്ല
കോട്ടയത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കയ്യാലപ്പുറത്തെ തേങ്ങ പോലെ ഭരണം തുടരുന്നിടത്തെല്ലാം ആറു മാസം കൂടുമ്പോൾ അവിശ്വാസപ്രമേയം രാഷ്ടീയ ചർച്ചയായ വർഷമായിരുന്നു. . കോട്ടയം , ഈരാറ്റുപേട്ട, ചങ്ങനാശേരി നഗര സഭകളിൽ അവിശ്വാസം വന്നതിൽ ഭരണമാറ്റം ചങ്ങനാശേരിയിൽ മാത്രമായിരുന്നു . ഇരു മുന്നണികളോടും ബി.ജെ.പി അകലം പാലിച്ചതാണ് ഇരു മുന്നണികളെയും അവിശ്വാസത്തിൽ തുണച്ചതെന്നതാണ് ശ്രദ്ദേയം.