saf
ജില്ലയിലെ സാഫ് യൂണിറ്റ്.

കോട്ടയം: പുതുവത്സരത്തിലും മത്സ്യത്തെഴിലാളി സ്ത്രീകൾക്ക് ജീവനോപാധി ഉറപ്പാക്കാൻ സാഫ് യൂണിറ്റുകൾ. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ജീവനോപാധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്).

ജില്ലയിലെ സാഫ് യൂണിറ്റുകൾ,

ജില്ലയിൽ സാഫിന്റെ കീഴിൽ 434 മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന 161 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിൽ 28 ടെയിലറിംഗ് ആൻഡ് ഗാർമെന്റ്‌സ് യൂണിറ്റുകളും 76 ഫിഷ് ആൻഡ് ഫിഷ് പ്രോസസിംഗ് യൂണിറ്റുകളും, 21 ഹോട്ടൽ ആൻഡ് കേറ്ററിംഗ്, ബേക്കറി യൂണിറ്റുകളും 19 പലചരക്ക് കടകളും, 5 ബ്യൂട്ടിപാർലറുകളും, 9 കയർ യൂണിറ്റുകളും, 2 ഹാൻഡിക്രാഫ്റ്റ് യൂണിറ്റുകളും, 1 ഹയറിംഗ് സർവീസ്സ് യൂണിറ്റും പ്രവർത്തിക്കുന്നു. അയ്മനം, ആർപ്പുക്കര, കുമരകം, ടി വി പുരം, തലയാഴം, വൈക്കം, ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, എന്നിവിടങ്ങളിലായിട്ടാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

കുമരകം മേഖലയിൽ പ്രവർത്തിക്കുന്ന 5 ഓളം യൂണിറ്റുകൾ ഹൗസ് ബോട്ടുകളിലും വിദേശികൾക്കും നാടൻ ഭക്ഷണങ്ങളും കായൽ, കടൽ വിഭവങ്ങളും,ചിക്കൻ, ബീഫ്, മട്ടൺ തുടങ്ങിയവയുടെ ചൈനീസ് വിഭവങ്ങളും ഓർഡർ അനുസരിച്ച് നൽകുന്നുണ്ട്. ഓരോ സീസൺ അനുസരിച്ചും ട്രെൻഡ് അനുസരിച്ചും ജനങ്ങൾക്ക് സമീപിക്കാവുന്ന സ്ഥാപനങ്ങളാണ് റെഡിമെയ്ഡ് ആൻഡ് ഗാർമെന്റ്‌സ് യൂണിറ്റുകൾ. ക്രിസ്മസ്, ന്യൂ ഇയറിനോടനുബന്ധിച്ച് ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിൽ വിവിധങ്ങളായ മോഡലുകളിലും ഡിസൈനുകളിലും നിറങ്ങളിലും തുണിത്തരങ്ങൾ റെഡിമെയ്ഡായും സ്റ്റിച്ച് ചെയ്തും നൽകിയാണ് വിപണി കീഴടക്കിയത്. ഓർഡറുകൾ ഓൺലൈനായും നേരിട്ടും സ്വീകരിക്കും. കേക്കുകൾ ഓർഡറുകൾ അനുസരിച്ച് ചെയ്ത് നൽകും.


നവംബർ മാസത്തിലെ വിറ്റുവരവ് 90 ലക്ഷമാണ്. ഡിസംബർ മാസത്തിലെ ക്രിസ്മസ്, ന്യൂ ഇയർ വിറ്റുവരവിലൂടെ 90 ലക്ഷത്തിൽ നിന്ന് 1 കോടിയിലേക്ക് എത്തുമെന്നാണ് യൂണിറ്റംഗങ്ങൾ പ്രതീക്ഷിക്കുന്നത്. (നോഡൽ ഓഫീസർ സാഫ ്കോട്ടയം).