sabarimala

എരുമേലി: ശബരിമല ഉത്സവത്തിലെ 41 ദിനങ്ങൾ നീണ്ട മണ്ഡല കാലം പൂർത്തിയായപ്പോൾ ഇത്തവണ എരുമേലി ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ ഭക്തർ നേരിട്ട പ്രതിസന്ധികൾ നിരവധിയാണ്. ഇവയൊക്കെ വീണ്ടും ആവർത്തിക്കാതെ പരിഹരിച്ചില്ലെങ്കിൽ മകരവിളക്ക് സീസണിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടായേക്കും. സംഘർഷ ഭരിതവും അപകടങ്ങൾ വർദ്ധിച്ചതും അമിത ഫീസും കൊള്ളവിലയും ശുചിത്വമില്ലായ്‌മയും നിറഞ്ഞ ഇതുപോലൊരു തീർത്ഥാടന കാലം മുമ്പ് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

പാർക്കിംഗ് ഫീസ് ഏകീകരിക്കാൻ പോലും കഴിയാതെ ജില്ലാ ഭരണകൂടവും തിരക്ക് പരിഹരിക്കാൻ കഴിയാത്ത നിലയിൽ പൊലീസും അപകടങ്ങൾ കുറയ്ക്കാനാവാതെ സേഫ് സോൺ വിഭാഗവും നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ മുന്നിലൂടെ കാഴ്‌ചക്കാരായി പോകുന്ന ഉദ്യോഗസ്ഥ പരിശോധക സംഘവും ഈ മണ്ഡലകാലത്തെ പാളിച്ചകൾ പ്രകടമാക്കിയ കാഴ്ചകളായിരുന്നു.
വകുപ്പുകൾ തമ്മിൽ ഒരിടത്തും യോജിച്ച് പ്രവർത്തിക്കുന്നത് കാണാനായില്ല. തിരക്ക് കൂടുമ്പോൾ അത് പരിഹരിക്കൽ പൊലീസിന്റെ മാത്രം ജോലിയായി.സീസണിന് മുമ്പ് നടത്തിയ മുന്നൊരുക്ക അവലോകന യോഗങ്ങളിലെ തീരുമാനങ്ങൾ പലതും കടലാസിൽ മാത്രമായി മാറി.

പാർക്കിംഗ് ഫീസ് പലയിടത്തും തോന്നും പടി ആയത് മറ്റൊരു പ്രശ്നമായിരുന്നു. ശുചിത്വപാലനത്തിൽ ഗുരുതര വീഴ്ചയുണ്ടായി. മോശപ്പെട്ട ഭക്ഷണം വിൽക്കുന്നത് സം ബന്ധിച്ച് പരാതികളുയർന്നു. ജല മലിനീകരണം വ്യാപക മാകുകയും ചെയ്തു‌. വിശുദ്ധി സേനയ്ക്ക് ശമ്പളം കൊടു ക്കാനായില്ല. 41 ദിവസം ജോലി ചെയ്‌ത സ്പെ‌ഷൽ പോലീസുകാർക്കും പ്രതിഫലമില്ല.

അപകടങ്ങൾ കൂടി

മുൻകാല ശബരിമല സീസണുകളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ അപകടങ്ങൾകൂടി. കൊരട്ടിയിൽ ഓട്ടോറിക്ഷ ഡ്രൈവറും കണ്ണിമലയിൽ രണ്ട് വിദ്യാർഥികളും മരണപ്പെട്ടു. കണമല ഇറക്കത്തിൽ രണ്ട് ബസുകൾ ഇടിച്ചത് കൂടാതെ ഒരു ലോറി രണ്ട് ബസുകളിൽ ഇടിച്ച അപകടവുമുണ്ടായി. എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് ബ്രേക്ക് പോയ തീർഥാടക ബസ് തോട്ടിൽവീണു. ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങളാണ് 41 ദിവസത്തെ മണ്ഡല കാലത്ത് ഉണ്ടായത്. പരിക്കേറ്റവർക്ക് എക്സ‌റേ സംവിധാനം ഇല്ലാത്തതിനാൽ എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ല. ചന്ദനക്കുടം, പേട്ടതുള്ളൽ, മകരജ്യോതി ദർശനം, ഇത് കഴിഞ്ഞുള്ള മടക്കം ഉൾപ്പെടെ ഇനിയുള്ള മകരവിളക്ക് സീസണിൽ വൻതോതിൽ തീർത്ഥാടക തിരക്ക് അനുഭവപ്പെടും.

വലിയ തിരക്ക്

മണ്ഡല കാലത്ത് എരുമേലി നേരിട്ടത് അഭൂതപൂർവമായ തിരക്കായിരുന്നു. മണിക്കൂറുകളോളം റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം നിശ്ചലമായ കാഴ്‌ച മിക്ക ദിവസങ്ങളിലും പ്രകടമായി. പോലീസും തീർഥാടകരും കൈയാങ്കളിയുടെ വക്കിൽ വരെ പലപ്പോഴും എത്തി. ഒരു ദിവസം തന്നെ നിരവധി തവണ റോഡിൽ വാഹനങ്ങൾ പോലീസ് തടഞ്ഞിട്ടു. ഒട്ടേറെ തവണ തീർഥാടകർ റോഡ് ഉപരോധംനടത്തിയിരുന്നു.

മണ്ഡല കാലത്തെ പാളിച്ചകൾ ജില്ലാ ഭരണകൂടം വലയിരുത്തണം.പാളിച്ചകൾ ഇനി ആവർത്തിക്കരുത്. മകരവിളക്ക് സീസണിന് മുമ്പ് വ്യക്തമായ മുന്നൊരുക്കം വേണം.

സുബി സണ്ണി

എരുമേലി പഞ്ചായത്ത് പ്രസിഡന്റ്