കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക് മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്‌കാരത്തിനു കണ്ണൂർ ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി അനീഷ് അർഹനായി. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണപ്പതക്കവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഈ അവാർഡിന്റെ പതിനേഴാമത് ജേതാവാണ് നാൽപത്തിരണ്ടുകാരനായ അനീഷ്. 2024 ഫെബ്രുവരി ആദ്യവാരം മലപ്പുറത്തു നടക്കുന്ന കർഷകശ്രീ കാർഷികമേളയിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അറിയിച്ചു.