കാഞ്ഞിരപ്പള്ളി: ആറ് പതിറ്റാണ്ടിലേറെയായി നാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന പഞ്ചായത്ത് ഓഫീസ് മന്ദിരം ഓർമ്മയാകുന്നു. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഓഫീസ് സമുച്ഛയം പണിയുന്നതിനായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ചുതുടങ്ങി. 25 ദിവസത്തിനുള്ളിൽ കെട്ടിടം പൂർണമായും പൊളിച്ചുനീക്കും.3.5 കോടി രൂപ മുടക്കിയാണ് പുതിയ ബഹുനിലമന്ദിരം പണിയുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഇതോടൊപ്പം പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നും രണ്ടുകോടി രൂപ ചെലവഴിച്ച് 26 മുറികളുള്ള ഷോപ്പിംഗ്‌കോംപ്ലക്‌സും നിർമ്മിക്കും. ജനുവരിയിൽ പുതിയ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങും.എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മേടയ്ക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണച്ചുമതല. ദേശീയപാത 183 ന്റെ ഓരത്ത് നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് മണ്ണുമാറ്റിയ ശേഷമാണ് പുതിയ ഓഫീസും ഷോപ്പിംഗ് മാളും നിർമ്മിക്കുക.