കോട്ടയം: വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തി ലോകശ്രദ്ധ നേടിയ കോട്ടയം അയ്മനം ഗ്രാമപഞ്ചായത്തിലെ വലിയമടക്കുളം ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ജലവിനോദസഞ്ചാര മേഖലയിലെ ഗ്രാമീണ സാധ്യതകൾ പ്രയോജനപ്പെടുത്തുംവിധമാണ് പദ്ധതി വിഭാവനം ചെയ്തത്. ടൂറിസം വകുപ്പ് അഞ്ച് കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 'വലിയമട വാട്ടർ ഫ്രണ്ടേജ്' എന്നാണ് പദ്ധതിയുടെ പേര്. ഇതിനായി അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന 5.5 ഏക്കർ വിസ്തൃതിയുള്ള വലിയമടക്കുളം നവീകരിച്ചു. മഴക്കാലമായാൽ പോലും വിനോദസഞ്ചാരത്തിന് തടസമാകാത്ത വിധമാണ് പദ്ധതിയുടെ രൂപീകരണം. ഇതിനായി കുളത്തിലെ ജലനിരപ്പ് കൃത്യമായ അളവിൽ ക്രമീകരിച്ച് നിർത്താൻ സാധിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഴപെയ്ത് കുളത്തിൽ വെള്ളം നിറഞ്ഞാൽ അധികമായി വരുന്ന ജലം സമീപത്തെ തോടിലൂടെ ഒഴുക്കി വിടാനും അതിലൂടെ കുളത്തിലെ ജലത്തിന്റെ അളവ് പദ്ധതിക്ക് അനുസൃതമാകും വിധം ക്രമീകരിച്ചു നിർത്താനും സാധിക്കും.
സഞ്ചാരികളെ ഇതിലേ ഇതിലേ...
പ്രാദേശിക വിനോദസഞ്ചാരികളേയും വിദേശ വിനോദ സഞ്ചാരികളേയും ഒരുപോലെ ആകർഷിക്കുന്ന വിധമാണ് പദ്ധതിയുടെ രൂപകല്പന. പദ്ധതി പൂർത്തിയാകുന്നതോടെ അയ്മനം എന്ന പേര് ഒരിക്കൽ കൂടി ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കളർമ്യൂസിക്ക് വാട്ടർഫൗണ്ടൻ, ഫ്ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിംഗ് വാക്വേ, കുളത്തിലൂടെ രണ്ടു മുതൽ നാലുപേർക്ക് വരെ ബോട്ടിംഗ് സാധ്യമാക്കുന്ന പെഡൽ ബോട്ടിംഗ് സംവിധാനം, വിശ്രമമുറികൾ, പത്തോളം ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം എന്നിവയാണ് ഒരുക്കുന്നത്.