
കോട്ടയം : ലഹരിക്കെണിയിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കാൻ പിങ്ക് പൊലീസ് രംഗത്ത്. ലഹരിക്ക് അടിമപ്പെട്ട് അമ്മയെപ്പോലും തിരിച്ചറിയാതായ മക്കൾ, ആരോടും പറയാനാവാതെ എന്തുചെയ്യണമെന്നറിയാതെ നീറിക്കഴിയുന്ന അമ്മമാർ. ഇവർക്കിടയിലേക്കാണ് ആശ്വാസമായി പിങ്ക് ബീറ്റ് ഓഫീസർമാർ എത്തുന്നത്. ജനമൈത്രി സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പിങ്ക് ബീറ്റ് ഓഫിസർമാരായ മേലുകാവ് സ്‌റ്റേഷനിലെ എ.എസ്.ഐ ഉഷ, ചിങ്ങവനം സ്‌റ്റേഷനിലെ എസ്.സി.പി.ഒ ഷൈലമ്മാൾ, കോട്ടയം വനിത സ്‌റ്റേഷനിലെ എസ്.സി.പി.ഒ മിനിമോൾ, വനിത സെല്ലിലെ സി.പി.ഒ അമ്പിളി എന്നിവരാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ഇവർക്കായി രണ്ട് ബുള്ളറ്റുകളും അനുവദിച്ചിട്ടുണ്ട്. നാർക്കോട്ടിക് ഡിവൈ.എസ്.പി സി.ജോണിന് കീഴിലാണ് പ്രവർത്തനം. അഡീഷണൽ എസ്.പി ബി.സുഗതൻ നോഡൽ ഓഫീസറും , നാർക്കോട്ടിക് സെല്ലിലെ ജനമൈത്രി എസ്.ഐ മാത്യു പോൾ അസി. നോഡൽ ഓഫീസറുമാണ്.
പ്രതിദിനം 12 വീടുകളിൽ സന്ദർശനം
പൊലീസ് സ്‌റ്റേഷനിലെത്താത്ത പരാതികൾ കേട്ട് പരിഹാരം കണ്ടെത്തി ആവശ്യമെങ്കിൽ കേസെടുപ്പിക്കും. പ്രതിദിനം 12 വീടുകൾ സന്ദർശിക്കും. അയൽക്കാർ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസ്, കുട്ടികൾക്ക് കൗൺസലിംഗ് എന്നിവ നൽകും. പരാതികൾ വനിത പൊലീസ് സ്‌റ്റേഷനിലേക്കും, വനിത സെല്ലിലേക്കും കൈമാറും. സന്ദർശനത്തിന്റെ ഭാഗമായി മൂന്ന് ഗാർഹിക പീഡന കേസും, രണ്ട് പോക്‌സോ കേസും , ഒരു സൈബർ കേസും എടുത്തിട്ടുണ്ട്.
''സ്ത്രീധനത്തിന്റെ പേരിൽ മാനസികശാരീരിക പീഡനങ്ങൾ, മക്കളുടെ ഉപദ്രവം, ഗാർഹിക പീഡനം, ലഹരി ഉപയോഗം, ദാമ്പത്യ കലഹം, ലൈംഗിക അതിക്രമം, സൈബർ ആക്രമണം തുടങ്ങി പൊലീസിൽ പരാതിപ്പെടാത്തതുമൂലം അറിയപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങൾ നിരവധിയാണ്.
(നോഡൽ ഓഫീസർ)
ഹെൽപ്പ് ലൈൻ നമ്പർ
9497910941,94979 11175,94979 11080,94979 10328.