police

കോട്ടയം : രണ്ടെണ്ണം വീശി വണ്ടിയുമെടുത്ത് റോഡിലിറങ്ങി പുതുവർഷം ആഘോഷിക്കാൻ ആരെങ്കിലും മനസിൽ കരുതുന്നുണ്ടെങ്കിൽ ആ പൂതിയങ്ങ് മനസിൽ വച്ചേക്കാനാണ് ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ് ! ഇതിനായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളും പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസുമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരേയും, നിരോധിത മയക്കുമരുന്നുകളുടെ വില്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകൾ ഊർജ്ജിതമാക്കും. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്‌സ് മദ്യ വില്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു.

റോഡിൽ പൊലീസിന്റെ ചാകര
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന

കാപ്പാ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും, ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കും

ആഘോഷങ്ങൾക്കിടെ സ്ത്രീകളേയും, കുട്ടികളേയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കും

ലഹരി വസ്തുക്കൾ എത്തുന്നത് തയാൻ ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധന

റൗഡി ലിസ്റ്റിലും, ആന്റി സോഷ്യലുമായവരെ അതാത് സ്റ്റേഷനുകളിൽ കരുതൽ തടങ്കലിൽവയ്ക്കും

ന്യൂഇയർ, ഡി.ജെപാർട്ടികൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും

പുതുവർഷ പാർട്ടികളും മറ്റും നടത്തുന്ന സംഘാടകർ പരിപാടിക്കായി മുൻകൂട്ടി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അനുമതി വാങ്ങണം. പരിപാടികളിൽ ലഹരി വസ്തുക്കൾ ഉപയോഗം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം

-കെ.കാർത്തിക് , ജില്ലാ പൊലീസ് മേധാവി