ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡരികിൽ ഇളങ്ങുളം ചന്തവളവിന് സമീപം എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്ര നിർമ്മാണം പൂർത്തിയായി. ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിക്കും. നാലാംമൈലിന് സമീപം ഇളങ്ങുളം ചന്തവളവിലാണ് ഹൈവേ നിർമ്മാണത്തിനിടെ ബാക്കിയായ സ്ഥലത്ത് വിശ്രമകേന്ദ്രം നിർമ്മിച്ചത്. വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമുണ്ട്. ഒപ്പം ശൗചാലയ സൗകര്യവും. കുടുംബശ്രീയുടെ ലഘുഭക്ഷണശാലയുമുണ്ടാവും. ഇതിനോട് ചേർന്ന് ഉദ്യാനത്തിന്റെ നിർമ്മാണവും പൂർത്തീകരിക്കുന്നുണ്ട്. ഏഴാംമൈലിലും വഴിയോര വിശ്രമകേന്ദ്ര നിർമ്മാണം അവസാനഘട്ടത്തിലാണ്. സംസ്ഥാനസർക്കാരിന്റെ ഫണ്ടുൾപ്പെടെ 47 ലക്ഷം രൂപയോളമാണ് രണ്ട് കേന്ദ്രത്തിനുമായി വിനിയോഗിച്ചത്.