പാലാ: വിളക്കുമാടം മേട ഭാഗത്ത് പൊന്നൊഴുകും തോടിന് സംരക്ഷണഭിത്തി നിർമ്മിക്കാൻ 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

കേരളാ കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ.മാണി എം.പി യുടെ ഇടപെടലിനെ തുടർന്നാണ് അനുമതി ലഭിച്ചതെന്ന് മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു. വർഷങ്ങളായി പ്രദേശത്തെ കൃഷിക്കാരും കർഷക സംഘങ്ങളും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മേട ഭാഗത്ത് മഴക്കാലത്ത് പൊന്നൊഴുകും തോട്ടിൽ നിന്ന് വെള്ളംകയറി കൃഷി നശിക്കുന്നത് പതിവായിരുന്നു. ജോസ് കെ. മാണി എം.പി മാസങ്ങൾക്ക് മുമ്പ് പ്രദേശം സന്ദർശിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

25 ലക്ഷം പ്രാരംഭ പ്രവർത്തനങ്ങൾക്ക്

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ബന്ധപ്പെട്ടാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി നേടിയെടുത്തത്. സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാകുന്നതോടെ മേട ഭാഗത്തിന്റെ ഗ്രാമീണ ഭംഗിക്ക് മാറ്റുകൂട്ടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി ചൂണ്ടിക്കാട്ടി.

ഫോട്ടോ അടിക്കുറിപ്പ്

വിളക്കുമാടം പൊന്നൊഴുകും തോടിന് സമീപമുള്ള മേട