കോട്ടയം: പുതുവർഷമെത്തിയിട്ടും ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് വേഗ കോട്ടയത്തിന് ഇന്നും അന്യം. കഴിഞ്ഞ മൂന്ന് വർഷമായി വേഗ എത്തുന്നതും കാത്തിരിക്കുകയാണ് കോട്ടയംകാർ. കുറഞ്ഞ സമയം കൊണ്ട് കോടിമത ബോട്ട്‌ജെട്ടിയിൽ നിന്നും ആലപ്പുഴ വരെ സഞ്ചരിക്കാവുന്ന വേഗ ഒന്നേകാൽ മണിക്കൂർ കൊണ്ട് കോടിമതയിൽ നിന്ന് ആലപ്പുഴ എത്തും. നിലവിലെ ബോട്ട് ചാലിൽ പൊക്ക് പാലങ്ങളടക്കം തടസമുള്ളതിനാൽ പള്ളം കായലിലൂടെയാകും ബോട്ടിന്റെ യാത്ര. അതിവേഗ എ.സി ബോട്ടായ വേഗ എത്തിയാൽ യാത്രക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ലഭ്യമാകുക. കുറഞ്ഞ ചിലവിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. കുറഞ്ഞ സമയത്തിൽ കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സൗകര്യത്തിൽ കായൽയാത്ര ആസ്വദിക്കാൻ സൗകര്യമൊരുക്കുന്നതാണ് വേഗ ബോട്ടുകളുടെ പ്രത്യേകത. ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിലാണ് നിലവിൽ വേഗ ബോട്ടുകൾ സർവീസ് നടത്തുന്നത്.
120 പേർക്ക് സുഖയാത്ര
വേഗയിൽ 120 യാത്രക്കാർക്ക് ഒരേസമയം സുഖകരമായി ഇരുന്ന് യാത്ര ചെയ്യാൻ കഴിയും. എ.സി സീറ്റുകൾ, നോൺ എ.സി സീറ്റുകൾ എന്നിവയുണ്ടാകും. ലഘു ഭക്ഷണമടക്കം ലഭിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരുന്നത്. പ്രാദേശിക സഞ്ചാരികൾക്കൊപ്പം വിദേശികളെയും ലക്ഷ്യംവെച്ചാണ് പദ്ധതി വിഭാവനം ചെയ്തത്.
യാർഡിൽ വേഗയുടെ അവസാനവട്ട മിനുക്കുപണികൾ നടന്നുവരികയാണ്. ഉടൻ ബോട്ട് കോട്ടയത്ത് കൊണ്ടുവരും.(സ്റ്റേഷൻ അധികൃതർ)