ട്രാൻ.സ്റ്റാൻഡിലെ ഇന്റർലോക്ക് കട്ടകൾ തകർന്നു

കോട്ടയം: വീണാൽ നടുവൊടിഞ്ഞത് തന്നെ! കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പ്രവേശന കവാടത്തിലാണ് പാതാളക്കുഴി. ഇന്റർലോക്ക് കട്ടകൾ പാകി അടുത്തകാലത്താണ് ഡിപ്പോ നവീകരിച്ചത്. എന്നാൽ, നാളുകൾ പിന്നിടും മുമ്പ് തകർച്ചയുടെ വക്കിലാണ് സ്റ്റാൻഡ് കവാടം. ബസുകൾ കയറിയിറങ്ങുന്ന ഭാഗത്തെ കോൺക്രീറ്റ് പൂർണ്ണമായും തകർന്ന നിലയിലാണ്. ഇന്റർലോക്ക് കട്ടകൾ ഏറെയും ഇളകിയ നിലയിലും. ദിനം പ്രതി നൂറ് കണക്കിന് ദീർഘദൂര ബസുകൾ ഉൾപ്പെടെ വന്നുപോകുന്ന സ്റ്റാൻഡിലാണ് വീണ്ടും ദുരിതം. ബസുകൾ കുഴിയിൽ ചാടി സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് യാത്രക്കാരെയും വല്ലാതെ ദുരിതത്തിലാക്കുന്നു. കാൽനടയാത്രികർക്കും ദുരിതം സൃഷ്ടിക്കുന്നു. കുഴി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും ഇടയാക്കുന്നു.

കാരണം അശാസ്ത്രീയ നിർമ്മാണം

അശാസ്ത്രീയമായ നിർമ്മാണമാണ് തകർച്ചയ്ക്ക് ഇടയാക്കുന്നത്. തകർന്ന ഇന്റർലോക്ക് കട്ടകൾ മാറ്റുകയും കോൺക്രീറ്റ് പുനസ്ഥാപിച്ച് കുഴി അടയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.