
കോട്ടയം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന കോട്ടയത്ത് റബർ വിലയിടിവിനെ ചൊല്ലിയായിരുന്നു 2023ൽ കാർഷിക മേഖലയിലെ പ്രധാന പോര്. കൃഷി ഉപേക്ഷിക്കാൻ പലരും നിർബന്ധിതരാകുന്ന സാഹചര്യത്തിൽ 2024 റബറിനെ സംബന്ധിച്ച് ശോഭനമാകുമോ എന്നത് ചോദ്യ ചിഹ്നമാവുകയാണ്.
ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 200 രൂപ ചെലവ് വരുമ്പോൾ മാസങ്ങളായി റബർ വില 150ൽ താഴെ നിൽക്കുകയാണ്. കിലോയ്ക്ക് 250 രൂപ താങ്ങുവില നൽകുമെന്ന് ഇടതു മുന്നണി പ്രകടനപത്രികയിൽ പ്രഖ്യാപിച്ചുവെങ്കിലും ആദ്യം നൽകിയ 150 രൂപ ഇപ്പോൾ 170 രൂപയിൽ എത്തിയിട്ടേയുള്ളൂ. ഇത് തന്നെ പലർക്കും വൻ കുടിശികയുമാണ്. റബറിന്റെ പേരിൽ വോട്ടു തേടുന്ന പാർട്ടികൾ ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റബർ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രംഗത്തുണ്ടെങ്കിലും ആശങ്കയുടെ നിഴൽ റബർ മേഖലയിൽ പടർന്നു കഴിഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ഉത്പാദനം കൂടിയപ്പോൾ കേരളത്തിൽ കുറയുകയാണ്. ആസിയാൻ കരാറോടെ റബർ ഇറക്കുമതി കൂടിയതു പോലെ റബർ നിയമത്തിൽ വരുത്തുന്ന മാറ്റം ദോഷം ചെയ്യുക കേരളത്തെയായിരിക്കും. കോട്ടയത്തെ റബർബോർഡ് കേന്ദ്ര ഓഫീസിന്റെ നിലനിൽപ്പിനെ പോലും ഇത് ബാധിക്കുമെന്ന സൂചന ഉയർന്നു കഴിഞ്ഞു.
## നെൽമേഖലയിലെ പ്രതിസന്ധി റബറിലും രൂക്ഷമായ വർഷമാണ് കടന്നുപോകുന്നത്. സപ്ലൈക്കോ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന് മാസങ്ങളായിട്ടും പണം ലഭിക്കാത്തവർ നിരവധിയാണ്. വെള്ളപ്പൊക്കവും വരൾച്ചയും രോഗവും ചേർന്ന കൃഷി നാശത്തിന് പുറമേയാണ് നെല്ലിന്റെ പണത്തിനായുള്ള കാത്തിരിപ്പ്. സ്വകാര്യമില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാനും കഴിഞ്ഞിട്ടില്ല. വെച്ചൂർ റൈസ് മില്ല് സർക്കാർ ഉടമസ്ഥതയിലായതിനാൽ വിശ്വാസത്തോടെ നെല്ല് വിറ്റ കർഷകർക്കും മാസങ്ങളായി പണം കിട്ടിയിട്ടില്ല. പ്രകൃതി ക്ഷോഭങ്ങളോട് മത്സരിച്ച് കൃഷി ഒരുക്കുന്ന കർഷകർക്ക് സംരക്ഷണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഇത് നെൽ ഉത്പാദന കുറവിന് പുറമേ അരി വിലക്കയറ്റത്തിന് വഴിയൊരുക്കിയേക്കും. നെൽകൃഷിയുടെ ഭാവിയും ശോഭനമല്ലെന്ന സൂചനയാണ് ഇതെല്ലാം ചേർന്നു നൽകുന്നത്.
## കാടിനോട് ചേർന്നു വർഷങ്ങളായി കൃഷി ചെയ്തു വന്നവർ ബഫർ സോണിൽ കുടുങ്ങികിടക്കുന്നു. കിഴക്കൻ മലയോര മേഖലകളിൽ കാട്ടു മൃഗങ്ങളുടെ ശല്യവും വർദ്ധിച്ച വർഷമായിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. ജീവനു ഭീഷണിയും വൻ കൃഷിനാശവും കാട്ടുമൃഗങ്ങൾ വരുത്തിയിട്ടും പരിഹാരം അകലുകയാണ്. .