
കോട്ടയം: സംരക്ഷണ ഭിത്തിയില്ലാത്ത പാറമടക്കുളം യാത്രക്കാർക്ക് കെണിയാകുന്നു. കാണക്കാരി കുളത്തൂർ റോഡിൽ പഞ്ഞിമുക്ക് വളവിൽ സ്ഥിതി ചെയ്യുന്ന കുളത്തൂർ പാറമടക്കുളമാണ് ഭീഷണിയാകുന്നത്. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുളത്തിന് വേണ്ട സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്. ആൾ സഞ്ചാരം കുറഞ്ഞ റോഡാണിത്. പാറമട സ്ഥിതിചെയ്യുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാറുമില്ല. അപകട സൂചനകളും മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. കുളത്തിന് ചുറ്റും കാടും പടർപ്പും നിറഞ്ഞ നിലയിലാണ്.
വ്യാഴാഴ്ച്ച രാത്രി ഇതുവഴിയെത്തിയ കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞു.
സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, നാളിതുവരെ കുളത്തിന് ചുറ്റും സംരക്ഷണവേലിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. റോഡിലെ വളവും റോഡ് സൈഡിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തതുമാണ് അപകടത്തിന് ഇടയാക്കിയത്. ഇത് സംബന്ധിച്ച് നാട്ടുകാർ പല പരാതികളും ഉന്നയിച്ചിട്ടുമുണ്ടായിരുന്നു. അടിയന്തിരമായി ഈ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പി.ഡബ്ല്യു.ഡി അധികൃതരോട് ആവശ്യപ്പെട്ടു.
ആദ്യമായാണ് ഇവിടെ ഇത്തരത്തിലൊരു അപകടത്തിൽ ജീവൻ പൊലിഞ്ഞത്. സംരക്ഷണവേലി നിർമ്മിച്ച് തുടർ അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം. (കാണക്കാരി അരവിന്ദാക്ഷൻ ,
കാണക്കാരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)